മുംബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളില്‍ ഭീതി പരത്തി വ്യാജ ബോംബ് ഭീഷണി. ന്യൂയോര്‍ക്ക്, മസ്ക്കറ്റ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലാണ് ഭീഷണി സന്ദേശം എത്തിയത്. മുംബൈ-ഹൗറ എക്സ്പ്രസ് ട്രെയിനിലെ ബോംബ് ഭീഷണിയും വ്യാജമെന്ന് തെളിഞ്ഞു.
പുലര്‍ച്ചെ രണ്ട് മണിക്ക് മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ ആണ് എയര്‍ ഇന്ത്യയുടെ ന്യൂയോര്‍ക്ക് വിമാനത്തിന് ഭീഷണി സന്ദേശം എത്തിയത്. ട്വിറ്റര്‍ വഴിയായിരുന്നു ഭീഷണി. ഉടന്‍ ഡല്‍ഹിയിലേക്ക് വഴിതിരിച്ചുവിട്ട വിമാനം ഇവിടെ ഇറക്കി വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ന്യൂയോര്‍ക്കിലേക്കുള്ള യാത്ര നാളത്തേക്ക് പുനക്രമീകരിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. സമാനമായ ബോംബ് ഭീഷണി മുംബൈയില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ ജിദ്ദ, മസ്ക്കറ്റ് വിമാനങ്ങള്‍ക്കും ഉണ്ടായി. മുംബൈ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലും ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞമാസം ഭീഷണി സന്ദേശത്തെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ഇറക്കിയിരുന്നു. പരിഭ്രാന്തി പരത്തുന്ന വ്യാജ സന്ദേശങ്ങളുടെ ഉറവിടം പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. മുംബൈയില്‍ നിന്നുള്ള ഹൗറ എക്സ്പ്രസ് ട്രെയിന് നേരെയും ഇന്ന് ഭീഷണിയുണ്ടായി. പുലര്‍ച്ചെ നാലിന് ജല്‍ഗാവില്‍ നിര്‍ത്തി ട്രെയിന്‍ വിശദമായി പരിശോധിച്ചു. വ്യാജ ഭീഷണിയെന്ന് കണ്ടതിനെ തുടര്‍ന്ന് ട്രെയിന്‍ യാത്ര തുടര്‍ന്നു.