മുംബൈയിലെ ബോട്ടപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് മൂന്നംഗ മലയാളി കുടുംബം. അപകടസമയത്ത് ആരും ലൈഫ്ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് മാത്യു ജോർജും ഭാര്യ നിഷയും പറഞ്ഞു. രക്ഷപ്പെടുത്തിയെങ്കിലും എട്ടു വയസുകാരനായ മകൻ എവിടെ എന്ന് അറിയാൻ കഴിയാതിരുന്നത് പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശികളായ ദമ്പതികളെ ഏറെനേരം ആശങ്കയിലാഴ്ത്തി.
നാവിക സേനയുടെ സ്പീഡ് ബോട്ട് ദിശ മാറി വന്നിടിക്കുമെന്ന് യാത്രാ ബോട്ടിലെ ആളുകൾ ഒരിക്കലും കരുതിയില്ല. ലൈഫ് ജാക്കറ്റ് ധരിക്കാതെ ആയിരുന്നു ഉല്ലാസ യാത്ര. മുങ്ങുന്ന ഘട്ടത്തിലാണ് ലൈഫ് ജാക്കറ്റ് ഇടാൻ നിർദേശം കിട്ടിയതെന്ന് മാത്യു ജോർജും ഭാര്യ നിഷയും പറയുന്നു. ജീവൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം.
മകൻ എട്ടുവയസുകാരൻ ഏബൽ ഉൾപ്പെടുന്ന സംഘത്തെ ആദ്യം ബോട്ടിൽ രക്ഷപ്പെടുത്തി ജെഎൻപിടി തീരത്ത് എത്തിച്ചു. പിന്നീടാണ് മാത്യുവിനെയും നിഷയെയും മുംബൈ ഡോക്‌യാർഡ് ഭാഗത്തേക്ക് കൊണ്ടുവരുന്നത്. പിന്നീട് കുട്ടിയെ കാണാതിരുന്നത് രക്ഷിതാക്കൾക്ക് ആശങ്കയായി. തുടർന്ന് അർധരാത്രിയോടെ പൊലീസ് ഇടപെട്ട് കുട്ടിയുടെ അമ്മാവൻ താമസിക്കുന്ന മുംബൈ ചാന്ദിവലിയിലെ വീട്ടിലേക്ക് കുട്ടിയെ എത്തിച്ചതോടെ ആണ് ആശങ്കയ്ക്ക് വിരാമമായത്. നാല് ദിവസം മുൻപാണ് പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശികളായ ദമ്പതികൾ മുംബൈയിലെ സഹോദരന്‍റെ വീട്ടിൽ എത്തിയത്. അതേസമയം, അപകടത്തിൽ കാണാതായ രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. 13 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചു.