ചെന്നൈ കവരപ്പെട്ടിലുണ്ടായ ട്രെയിൻ അപകടത്തിൽ അട്ടിമറി സാധ്യതയുണ്ടോയെന്നു കണ്ടെത്താൻ എൻഐഎ അന്വേഷണം തുടങ്ങി. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ 6 ഉദ്യോഗസ്ഥരുടെ ഉന്നതതല സമിതി റെയിൽവേയും രൂപീകരിച്ചിട്ടുണ്ട്. മൈസൂരു-ദർഭംഗ ബാഗ്‍മതി എക്സ്പ്രസാണ് കഴിഞ്ഞ 11നു രാത്രി ലൂപ്പ് ലൈനിൽ നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിന്റെ പിന്നിലേക്ക് ഇടിച്ചു കയറിയത്.
കവരപ്പെട്ടിൽ എക്സ്പ്രസ് ട്രെയിൻ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച അപകടത്തിന് കാരണമായത് സിഗ്നൽ സംവിധാനത്തിലെ സാങ്കേതിക പിഴവുകളാകാൻ സാധ്യതയെന്നാണ് വിലയിരുതതല്‍ വിദഗ്ധർ. ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ 'ഡേറ്റ ലോഗർ' ഇതാണ് തെളിയിക്കുന്നതെന്നാണ് വിദഗ്ധാഭിപ്രായം. 7 മിനിറ്റ് മുൻപ് മാത്രം ഇതേ പാളത്തിലൂടെ മറ്റൊരു ട്രെയിൻ കടന്നു പോയതിനാൽ അട്ടിമറിക്കുള്ള സാധ്യത വളരെ കുറവാണെന്നും ഇവർ പറയുന്നു. എങ്കിലും എൻഐഎ അന്വേഷണം പൂർത്തിയായെങ്കിൽ
മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകൂ.
ലൂപ് ലൈനിലേക്കും പ്രധാന ലൈനിലേക്കും വണ്ടികളെ വഴി തിരിച്ചു വിടുന്ന സംവിധാനം സിഗ്നലിനനുസരിച്ച് പ്രവർത്തിക്കാത്തതോ സെൻസർ സംവിധാനത്തിലെ തകരാറോ ആകാം അപകടത്തിനു കാരണമായെതെന്നാണ് പ്രാഥമിക നിഗമനം. ട്രെയിൻ ചക്രങ്ങളിലെ തേയ്മാനം ലൈൻ മാറി പോകുന്നതിലേക്ക് നയിക്കില്ലെന്നും റെയിൽവേയിലെ സാങ്കേതിക വിദഗ്ധർ പറയുന്നു.
22 കോച്ചുകളുള്ള ട്രെയിനിന്റെ 13 കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തിൽ ബാഗ്‌മതി എക്സ്പ്രസ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് രാം അവതാർ മീണ ഉൾപ്പെടെ 19 പേർക്ക് പരുക്കേറ്റിരുന്നു
അതേസമയം, അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ രൂപീകരിച്ച ഉന്നതാധികാര സമിതി റെയിൽവേയ്ക്ക് ഉടൻ റിപ്പോർട്ട് നൽകും. മെക്കാനിക്കൽ, റെയിൽവേ മെയിന്റനൻസ്, സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ, റെയിൽവേ സുരക്ഷ എന്നീ വിഭാഗങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. അപകടവുമായി ബന്ധപ്പെട്ട് ചെന്നൈ ഡിവിഷണൽ റെയിൽവേ മാനേജർ 13 റെയിൽവേ ജീവനക്കാർക്ക് സമൻസ് അയച്ചിട്ടുണ്ട്. ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, സ്റ്റേഷൻ മാസ്റ്റർ എന്നിവർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യും. റെയിൽവേ സുരക്ഷാ കമ്മിഷണർ എ.എം. ചൗധരി 16,17 തീയതികളിൽ ചെന്നൈയിൽ തെളിവെടുപ്പും നടത്തും.