വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കി 48 മണിക്കൂറിനിടെ 10 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. പത്തും വ്യാജ ഭീഷണികളായിരുന്നുവെന്നത് ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതര്‍ പറയുന്നു. ഡല്‍ഹിയില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ AI127 വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് കാനഡയിലെ വിദൂര വിമാനത്താവളമായ ഇക്വാലുവിറ്റില്‍ ഇറക്കേണ്ടി വന്നിരുന്നു. സമൂഹമാധ്യമമായ എക്സിലൂടെയാണ് വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശമെത്തിയത്. സന്ദേശമയച്ച എക്സ് ഹാന്‍ഡില്‍ ഉടമയെ തിരിച്ചറിയാനായില്ലെന്നും വ്യോമയാന സുരക്ഷാ വിഭാഗം വെളിപ്പെടുത്തി. ഉച്ചയോടെയായിരുന്നു എക്സിലൂടെ എയര്‍ ഇന്ത്യ വിമാനത്തിന് ഭീഷണി സന്ദേശമെത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനം ഒടുവില്‍ സുരക്ഷാകാരണങ്ങളെ തുടര്‍ന്ന് നിലത്തിറക്കുകയായിരുന്നു.
സൗദിയിലെ ദമാമില്‍ നിന്നും ലക്നൗവിലേക്ക് വന്ന ഇന്‍ഡിഗോയുടെ 6E98 വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ജയ്പുരില്‍ ഇറക്കുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷയെ കരുതി ഏറ്റവുമടുത്ത വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നുവെന്ന് ഇന്‍ഡിഗോ പിന്നീട് അറിയിച്ചു.
ജയ്പുരില്‍ നിന്നും അയോധ്യയിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ IX765 വിമാനവും ബോംബ് ഭീഷണിയെ തുടര്‍ന്ന് അയോധ്യയില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. ഇതിന് പുറമെ ബാഗ്ഡോഗ്രയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ആകാശ എയര്‍ വിമാനം, അമൃത്സര്‍–ഡെറാഡൂണ്‍– ഡല്‍ഹിയിലേക്ക് പോകേണ്ടിയിരുന്ന അലയന്‍സ് എയറിന്‍റെ വിമാനം, മധുരയില്‍ നിന്നും സിംഗപ്പുരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം എന്നിവയ്ക്കും വ്യാജ ബോംബ് ഭീഷണികളുണ്ടായി.
ഇന്നലെ മൂന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. ഇതില്‍ രണ്ടെണ്ണം ഇന്‍ഡിഗോ വിമാനങ്ങളും ഒരെണ്ണം എയര്‍ ഇന്ത്യയുടെ വിമാനവുമായിരുന്നു. ഇതെല്ലാം തന്നെ പിന്നീട് വ്യാജസന്ദേശങ്ങളായിരുന്നുവെന്ന് സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്ന് ന്യൂജഴ്സിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ AI 119 വിമാനം വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു.