image: x.com/airindia

TOPICS COVERED

ഡല്‍ഹിയില്‍ നിന്നും ഷിക്കാഗോയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് കാനഡയിലേക്ക് വഴി തിരിച്ചുവിട്ടു. ഓണ്‍ലൈന്‍ വഴിയാണ് വിമാനത്തിന് ഭീഷണി സന്ദേശം ലഭിച്ചത്. അടിയന്തര സുരക്ഷാനടപടിയെന്നോണം AI 127 വിമാനം കാനഡയിലെ ഇക്വാലുവിറ്റില്‍ ഇറക്കിയതായും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. 

കാനഡയില്‍ വിമാനം ഇറക്കിയതിന് പിന്നാലെ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി വിശദമായി വീണ്ടും പരിശോധിച്ചു. വിമാനവും സുരക്ഷാപരിശോധനകള്‍ നടത്തി. യാത്ര പുനഃരാരംഭിക്കുന്നത് വരെ യാത്രക്കാര്‍ക്ക് വേണ്ട മതിയായ സൗകര്യമൊരുക്കാന്‍ എയര്‍ ഇന്ത്യ നിര്‍ദേശിച്ചതായും വക്താവ് അറിയിച്ചു. 

ഇന്നലെ മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് നേരെയും ബോംബ് ഭീഷണിയുണ്ടായിരുന്നു. ഈ വിമാനം ഡല്‍ഹി വഴിയാണ് ഇതേത്തുടര്‍ന്ന് തിരിച്ചുവിട്ടത്. വിശദമായ പരിശോധനയില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല. ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 

സമീപകാലത്തായി വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി നിരന്തരം ഉയരുന്നതായി എയര്‍ ഇന്ത്യ വക്താവ് ചൂണ്ടിക്കാട്ടി. ഇത്തരം ഭീഷണികളെ ഗൗരവത്തോടെയാണ് തങ്ങള്‍ കാണുന്നതെന്നും ഇത്തരം വ്യാജ ഭീഷണികളെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നുവെന്നും കമ്പനി അറിയിച്ചു. വ്യാജ ബോംബ് ഭീഷണികള്‍ ഉയര്‍ത്തുന്നവരെ കണ്ടെത്തുന്നതിനും നിയമസംവിധാനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരുന്നതിനും എല്ലാത്തരം അന്വേഷങ്ങളോടും എയര്‍ ഇന്ത്യ സഹകരിക്കുമെന്നും വക്താവ് പറഞ്ഞു. ഇത്തരം വ്യാജ ഭീഷണികള്‍ ഉയര്‍ത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ലൈന്‍ നേരിടുന്ന നഷ്ടം ഇവരില്‍ നിന്ന് ഈടാക്കുമെന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

A Delhi-Chicago Air India flight was diverted to an airport in Canada following a bomb threat