baba-siddique

എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയെ വെടിവെച്ച് കൊന്നകേസില്‍ വെളിപ്പെടുത്തലുമായി ലോറൻസ് ബിഷ്‌ണോയി സംഘാംഗം യോഗേഷ് . കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ളതിനാലാണ് ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയതെന്നാണ് യോഗേഷിന്‍റെ വെളിപ്പെടുത്തല്‍. അയാള്‍ നല്ല മനുഷ്യനല്ല. അതിനാലാണ് കൊല്ലപ്പെട്ടതെന്നും യോഗേഷ്‍ പറഞ്ഞു. ഡൽഹിയിൽ ജിം ഉടമ നാദിർഷായെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യോഗേഷിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വെളിപ്പെടുത്തല്‍. Also Read: പൊലീസിന് തലവേദനയായ ഒരു 31കാരന്‍; ആരാണ് ലോറന്‍സ് ബിഷ്ണോയി?

മൊബൈൽ ഫോണുകളും, ഇൻറർനെറ്റും, ഗൂഗിളുമെല്ലാമുള്ള ഇന്നത്തെ കാലത്ത് ഒരാളെ കുറിച്ച് പഠിക്കാന്‍ അധിക സമയം വേണ്ട എന്നാണ് ബാബാ സിദ്ദിഖിയെ പ്രത്യേകമായി നിരീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇയാള്‍ ഉത്തരം നല്‍കിയത്. യൂട്യൂബ് വിഡിയോകൾ കണ്ടാണ് പ്രതികള്‍ തോക്ക് ഉപയോഗിക്കാൻ പഠിച്ചതതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോറൻസ് ബിഷ്‌ണോയി സംഘം പ്രവർത്തിക്കുന്നത് സാമ്പത്തിക നേട്ടത്തിനല്ല, മറിച്ച് സാഹോദര്യത്തിന്‍റെ അടിസ്ഥാനത്തിലാണ്. സംഘം വിശാലമാണ്. ക്രിമിനലുകളുമായി ബന്ധമുള്ളവര്‍ക്ക് സംഭവിക്കാവുന്നത് തന്നെയാണ് ബാബാ സിദ്ദിഖിക്കും സംഭവിച്ചതെന്ന് യുവാവ് പറഞ്ഞു. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (MCOCA) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം, ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാഴ്‌ചയ്‌ക്കുള്ളിൽ ഒമ്പതുപേരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ അഞ്ചുപേരെ വെള്ളിയാഴ്ച മുംബൈ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. തുർക്കി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നെത്തിച്ചതും തദ്ദേശീയമായി നിർമ്മിച്ചവയും അടക്കം ഒട്ടേറെ പിസ്റ്റളുകളും ഇവരുടെ കയ്യില്‍ നിന്നും കണ്ടെത്തി.

ബാന്ദ്രയിൽ ബാബാ സിദ്ദിഖി വെടിയേറ്റു മരിക്കുമ്പോള്‍ അവിടെ നിന്ന് അധികം അകലെയല്ലാതെ കുർളയിൽ വീട് വാടകയ്ക്ക് എടുത്താണ് അക്രമിസംഘം താമസിച്ചിരുന്നത്. അക്രമിസംഘത്തിന് താമസം, സാമ്പത്തിക സഹായം, ആയുധങ്ങൾ എന്നിവ നല്‍കിയതും അറസ്റ്റിലായ അഞ്ചുപേരാണെന്നാണ് മുതിർന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. സിദ്ദിഖിയുടെ കൊലപാതകത്തിന് മുമ്പ് പ്രതികൾ മുംബൈ സന്ദർശിച്ചിരുന്നോ എന്ന് അന്വേഷിച്ചുവരികയാണ്.

ബാബ സിദ്ദിഖി വധക്കേസിലെ പ്രതികളും ഗൂഢാലോചന നടത്തിയവരും ആശയവിനിമയം നടത്താൻ സ്നാപ് ചാറ്റ് ഉപയോഗിച്ചതായും മുംബൈ പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികളിലൊരാളുടെ ഫോണിൽ നിന്ന് മരിച്ച എൻസിപി നേതാവിന്‍റെ മകന്‍റെ ഫോട്ടോയും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. സ്‌നാപ്ചാറ്റ് വഴിയാണ് ഫോട്ടോ പ്രതിക്ക് അയച്ചത്.

Google News Logo Follow Us on Google News

ENGLISH SUMMARY:

NCP leader Baba Siddique murder; Lawrence Bishnoi's gang member named Yogesh, who was arrested in the case of the murder of gym owner Nadeer Shah in Delhi says Siddique was targeted because of his association with the most wanted criminal Dawood Ibrahim. He also mentioned that Baba Siddique was killed because he was not a good person.