വ്യാജ ബോംബ് ഭീഷണികോളുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്രവ്യോമയാനവകുപ്പ് . ഭീഷണികള്‍ നിസാരമായി കാണാനാകില്ലെന്നും ഗുരുതരകുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും കേന്ദ്രവ്യോമയാന മന്ത്രി  കെ. റാംമോഹന്‍ നായിഡു പറഞ്ഞു. ഇക്കാര്യത്തില്‍ നിയമഭേദഗതി ആലോചനയിലെന്ന് നായിഡു മാധ്യമങ്ങളോട്  പറഞ്ഞു.

ഏഴു ദിവസത്തിനിടെ നൂറോളം വിമാനങ്ങൾക്കു നേരെ ബോംബ് ഭീഷണി ഉയർന്നതോടെ രാജ്യത്തെ വ്യോമയാന മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്നലെ മാത്രം 25 വിമാനങ്ങൾക്കു ബോംബ് ഭീഷണിയുണ്ടായി. ഇൻഡിഗോ, വിസ്താര, ആകാശ, എയർ ഇന്ത്യ എന്നിവയുടെ ആറു വീതം വിമാനങ്ങൾക്കാണ് ഭീഷണി ലഭിച്ചത്. ചില വിദേശ വിമാന സർവീസുകൾക്കും ഭീഷണിയുണ്ടായി. ഇന്നലെ ഭീഷണി ലഭിച്ചവയിൽ വിസ്താരയുടെ ഡൽഹി-ഫ്രാങ്ക്ഫർട്ട് വിമാനം പാക്കിസ്ഥാൻ വ്യോമപാത പിന്നിട്ട ശേഷം ഡൽഹിയിലേക്കു തിരികെയെത്തിക്കുകയായിരുന്നു.

വിമാനങ്ങൾക്കു പുറമേ കൂടാതെ കർണാടക ബെളഗാവി സാംബ്ര വിമാനത്താവളത്തിനു നേരെയും ബോംബു ഭീഷണിയുണ്ടായി. ചെന്നൈയിൽ നിന്നാണു വ്യാജസന്ദേശം ലഭിച്ചത്. ഇതുവരെയുള്ള എല്ലാ ഭീഷണികളും വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാരെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതടക്കം കർശന നടപടികളുണ്ടാകുമെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചു

ഇത്രയേറെ ഭീഷണികൾ എത്തുന്നതിനു പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്. ഭീഷണികൾക്കു പിന്നിൽ ഒരു കൂട്ടം തമാശക്കാരാകാം (പ്രാങ്ക്) എന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞത്. കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ വിള്ളലുണ്ടായതിനു പിന്നാലെയാണ് ബോംബ് ഭീഷണി പരമ്പരയുടെ തുടക്കം. 46 വിമാനങ്ങൾക്ക് ഭീഷണി ലഭിച്ചതു സമൂഹമാധ്യമമായ എക്‌സിലെ @adamlanza1111 എന്ന അക്കൗണ്ടിൽ നിന്നാണ്. നിലവിൽ അക്കൗണ്ട് മരവിപ്പിച്ച അവസ്ഥയിലാണ്. വിപിഎൻ ഉപയോഗിച്ച് ലൊക്കേഷൻ മറയ്ക്കുന്നതിനാൽ അക്കൗണ്ട് ഉടമകളെ കണ്ടെത്താൻ പ്രയാസമാണ്. ഡൽഹി പൊലീസിന്റെ സൈബർ സെല്ലും, ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻ (ഐഎഫ്എസ്ഒ) ചേർന്നാണ് കേസുകൾ അന്വേഷിക്കുന്നത്.

ENGLISH SUMMARY:

Hoax calls to be made cognisable offence, situation sensitive: Aviation Minister