ഡൽഹി രോഹിണിയിലെ CRPF സ്‌കൂളിന് സമീപത്തെ സ്ഫോടനത്തിൽ ഖലിസ്ഥാൻ ബന്ധമടക്കം പരിശോധിച്ച് പൊലീസ്. നാടൻ ബോംബ് സ്ഥാപിച്ചതെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായാണ് വിവരം. സ്ഫോടനത്തിന് പിന്നാലെ ഡല്‍ഹിയില്‍ ജാഗ്രതാ നിർദേശം നൽകി.
ഇന്ത്യൻ ഏജൻസികൾക്ക് ഞങ്ങളുടെ ആളുകളെ ലക്ഷ്യമിടാമെങ്കിൽ ഞങ്ങൾ എത്ര അടുത്താണെന്ന് ഓർത്തുകൊള്ളൂവെന്ന ഭീഷണിയോടെയാണ് ടെലഗ്രാം അക്കൗണ്ടിലൂടെ സ്ഫോടനത്തിൽ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ് എന്ന നിരോധിത സംഘടനയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. ജസ്റ്റിസ് ലീഗ് ഇന്ത്യ എന്നാണ് അക്കൗണ്ടിന്‍റെ പേര്. വിവരങ്ങൾ തേടി ടെലഗ്രാമിന് അന്വേഷണസംഘം കത്തയച്ചു. എന്നാല്‍ സ്വകാര്യത വിഷയം മുൻനിർത്തി ടെലഗ്രാമും സിഗ്നൽ ആപ്പും ഒരു ഏജൻസിക്കും വിവരങ്ങൾ നൽകുന്ന പതിവില്ല. അതിനിടെ, പ്രതിയെന്ന് സംശയിക്കുന്ന വെളുത്ത ടി ഷർട്ട് ധരിച്ച ഒരാളുടെ CCTV ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പോളിത്തീൻ കവറിൽ പൊതിഞ്ഞാണ് സ്ഫോടകവസ്തു കുഴിച്ചിട്ടത്. സ്ഫോടനത്തില്‍ സ്കൂളിന്‍റെ മതിലില്‍ വലിയ ദ്വാരം രൂപപ്പെട്ടിട്ടുണ്ട്. സ്ഫോടന സ്ഥലത്തുനിന്ന് ഇലക്ട്രോണിക് വയറിന്റെ ഭാഗങ്ങൾ കണ്ടെത്തി. പൊട്ടാസ്യം ക്ലോറേറ്റ്, ഹൈഡ്രജൻ പെറോക്സൈഡ് എന്നിവയുടെ സാന്നിധ്യവും തിരിച്ചറിഞ്ഞു. എന്നാല്‍ റോഡിലാകെ വെളുത്ത പൊടി വിതറിയ നിലയില്‍ കണ്ടെത്തിയതില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഇന്നും എന്‍ഐഎ സംഘം സ്ഫോടന സ്ഥലം സന്ദര്‍ശിച്ചു