rj-smiran-death

Image Credit: https://www.instagram.com/rjsimransingh/

ആര്‍ജെ സിമ്രന്‍ സിങിനെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. 25കാരിയായ സിമ്രന്‍ ജമ്മു കശ്മീരിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും ആർജെയുമാണ്. സമൂഹമാധ്യമത്തില്‍ 7 ലക്ഷത്തിലധികം പേർ പിന്തുടരുന്ന താരം കൂടിയാണ് സിമ്രന്‍. ആര്‍ജെ സിമ്രനെന്നാണ് യുവതിയുടെ പേജിന്‍റെ പേര്. നിരവധി ആരാധകരുള്ള സിമ്രന്‍റെ മരണത്തിൽ ഹരിയാന പൊലീസ് അന്വേഷണം ആരംഭിച്ചു. 

സമൂഹമാധ്യമത്തിൽ വളരെ സജീവമായിരുന്ന സിമ്രന്റെ അവസാന പോസ്റ്റ് ഡിസംബർ 13നായിരുന്നു. വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റില്‍ സിമ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയ സുഹൃത്താണ് പൊലീസില്‍ വിവരം അറിയിച്ചത്. ഉടന്‍ തന്നെ സിമ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. സിമ്രന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയരുന്നുണ്ട്. 

അതേസമയം സിമ്രന്‍ ആത്മഹത്യ ചെയ്തതാവാമെന്നും തങ്ങള്‍ക്ക് പരാതിയില്ലെന്നും സിമ്രന്‍റെ കുടുംബം പൊലീസിനെ അറിയിച്ചു. കുറച്ചുദിവസങ്ങളായി സിമ്രന്‍ വിഷാദത്തിലായിരുന്നെന്നും അതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം പറയുന്നു. സിമ്രന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സിമ്രന്‍റെ മരണം ആരാധകര്‍ക്കിടയില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ‘ജമ്മുവിന്റെ ഹൃദയസ്പന്ദനം’ എന്ന പേരിലാണ് യുവതി ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. 

ENGLISH SUMMARY:

Simran Singh, Instagram Influencer And RJ, Dies By Suicide In Gurugram