മംഗളൂരുവില്‍ ഒരു വീട്ടിലെ അടുക്കളയില്‍ നിന്ന് പുലിയെ പിടികൂടി വനംവകുപ്പ്. മുല്‍ക്കിയിലെ അക്കാസലിഗര കേരിയിലുള്ള വീട്ടിലെ അടുക്കളയിലാണ് പുലിയെത്തിയത്. വീട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് പുലിയെ കുടുക്കാനും വലിയ ആപത്തില്‍ നിന്ന് രക്ഷനേടാനും സഹായിച്ചത്.
രാത്രി പത്തുമണിയോടെയാണ് പുലി വീടിനുള്ളില്‍ കടന്നത്. ശബ്ദം കേട്ട് നോക്കിയപ്പോള്‍ അടുക്കളയിലുള്ളത് പുലിയാണെന്ന് മനസ്സിലാക്കിയ വീട്ടുകാര്‍ ഉടന്‍ പുറത്തിറങ്ങി വാതില്‍ പൂട്ടി. വനംവകുപ്പിനെ വിവരമറിയിച്ചു. കൂടും വലയടക്കമുള്ള സംവിധാനങ്ങളുമായി വനംവകുപ്പ് എത്തി. പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് വനംവകുപ്പ് പുലിയെ പിടികൂടിയത്.
വൈദ്യപരിശോധനയ്ക്കു ശേഷം പുലിയെ കാട്ടില്‍ തുറന്നുവിട്ടു. ആര്‍എഫ്ഒ കിരണ്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പുലിയെ പിടികൂടിയത്. സ്ഥിരമായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്ന് പുലികള്‍ ഇവിടെയുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. പുലിഭീതിയെ തുടര്‍ന്ന് വനംവകുപ്പ് ഒരു കൂട് ഇവിടെ സ്ഥാപിച്ചിരുന്നു. പുലി കയറിയ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് കൂട്.