• മൊബൈൽ കൂട്ടക്കവർച്ച: 'ഡൽഹി ഗ്യാങ്ങി' നെ പിടികൂടുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന്
  • അതിഖൂർ റഹ്മാൻ , കൂട്ടാളി വസീം അഹമ്മദും പിടിയിലായത് ദരിയാഗഞ്ചിലെ വീട്ടിൽനിന്ന്
  • മൊബൈൽ ഫോണുകൾ കണ്ടെത്തിയത് അതിഖൂറിന്റെ വീട്ടിൽനിന്ന്

കൊച്ചിയിലെ മൊബൈൽ കൂട്ടക്കവർച്ചയില്‍ കൂടുതല്‍ ഉത്തരേന്ത്യന്‍ കവര്‍ച്ചാസംഘങ്ങള്‍ ഉള്‍പ്പെട്ടതായി സംശയം. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് പിടിയിലായവരില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. കൊടുംക്രിമിനലായ അതിഖൂര്‍ റഹ്മാന്‍റെ നേതൃത്വത്തിലുള്ള ഡല്‍ഹി ഗ്യാങിനെ കൊച്ചി സിറ്റി പൊലീസ് പിടികൂടുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. പണവും ലഹരിമരുന്നും വാഗ്ദാനം ചെയ്താണ് കവര്‍ച്ചാസംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നത്.  Also Read: വിമാനത്തിലെത്തി മൊബൈലുകള്‍ മോഷ്ടിച്ച് വിമാനത്തില്‍ മടക്കം; പിന്നില്‍ മുംബൈ, ഡല്‍ഹി ഗ്യാങ്ങുകള്‍

ദരിയാഗഞ്ചില്‍ നിന്നാണ് മൊബൈല്‍ കൂട്ടക്കവര്‍ച്ചയ്ക്ക് പിന്നിലെ ഡല്‍ഹി ഗ്യാങിനെ കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. കൊടുംക്രിമിനലുകളുടെ താവളമായ പ്രദേശത്ത് അത്രയും സൂക്ഷ്മതയോടെയായിരുന്നു ഓപ്പറേഷന്‍. 2022 ബെംഗളൂരുവിലെ മാളിലെ മോഷണത്തിലെ പ്രതി വസീമിനെ അന്വേഷിച്ചാണ് അന്വേഷണസംഘം ഡല്‍ഹിയിലെത്തിയത്. കൊച്ചിയില്‍ നിന്നെത്തി വീട്ടില്‍ വിശ്രമത്തിലായിരുന്ന വസീം ലഹരിക്ക് അടിമയായിരുന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വീട് വിട്ട് പുറത്തിറങ്ങിയ വസീമിനെ മുളവുകാട് എസ്ഐ തോമസിന്‍റെ നേതൃത്വത്തില്‍ പിടികൂടി. വസീമായിരുന്നു ഗ്യാങിന്‍റെ തലവനെന്ന് കരുതിയ പൊലീസിന് തെറ്റി. കൊടുംക്രിമിനലായ അതിഖൂറാണ് വസിം ഉള്‍പ്പെടെയുള്ളവരെ കവര്‍ച്ചാസംഘത്തിലേക്ക് റിക്രൂട്ട് ചെയ്തത്.  ഡല്‍ഹി പൊലീസിന്‍റെ സഹായത്തോടെ അതിഖൂറിനെ പിടികൂടി വീട്ടില്‍ നടത്തിയ പരിശോധനയില്‍  കുട്ടികളുടെ ബാഗിനുള്ളില്‍ ഒളിപ്പിച്ച 20 മൊബൈല്‍ഫോണുകളും കണ്ടെത്തി. 

 

വധശ്രമം, മോഷണമടക്കം രണ്ട് ഡസനിലേറെ കേസുകളിൽ പ്രതിയാണ് അതിഖൂര്‍ റഹ്മാന്‍. നിരവധി കേസുകളുണ്ടെങ്കിലും 2017ന് ശേഷം പൊലീസിന്‍റെ പിടിയിലാകുന്നത് ഇതാദ്യം. അതിഖൂറിന്റെ രണ്ട് സഹോദരങ്ങളും കൊലപാതക കേസുകളില്‍ പ്രതികളാണ്. മോഷ്ടിച്ച മൊബൈലുകൾ വാങ്ങാനും ഉത്തരേന്ത്യയിലെ ചോര്‍ ബസാറുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങൾ പ്രവര്‍ത്തിക്കുന്നുണ്ട്.

 

മൊബൈൽ കവർച്ചക്ക് പിന്നില്‍ വേറെയും ഗ്യാങ്ങുകളുണ്ടെന്നാണ് പിടിയിലായവരുടെ മൊഴി. ഗ്യാങ്ങുകൾ തമ്മിൽ ആശയവിനിമയം നടക്കാറില്ലെങ്കിലും പല കവര്‍ച്ചാ സ്പോട്ടുകളിലും പരസ്പരം കണ്ടുമുട്ടാറുണ്ട്. സമൂഹ മാധ്യമങ്ങളും മറ്റും നിരീക്ഷിച്ചാണ് കവര്‍ച്ച നടത്തേണ്ടയിടങ്ങള്‍ തീരുമാനിക്കുന്നതെന്നും കേരളത്തില്‍ ഇത് ആദ്യത്തെ കവര്‍ച്ചയെന്നുമാണ് പിടിയിലായവരുടെ മൊഴി

മുംബൈ, ഡല്‍ഹി ഗ്യാങ്ങുകളിലെ നാല് പേരെയാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനത്തിലെത്തി മൊബൈലുകള്‍ മോഷ്ടിച്ച് വിമാനത്തില്‍ തന്നെ മടങ്ങുന്നതാണ് കവര്‍ച്ചാ സംഘത്തിന്‍റെ രീതി. മോഷ്ടിച്ച 23 ഫോണുകളും കണ്ടെത്തി. ഡല്‍ഹി ഗ്യാങ്ങിലെ അതിഖൂര്‍ റഹ്മാന്‍, വസീം അഹമ്മദ്, മുംബൈ ഗ്യാങ്ങിലെ സണ്ണി ഭോല യാദവ്, ശ്യാം ബല്‍വാല്‍.

 ഇരു സംഘത്തിന്‍റെയും കേരളത്തിലെ ആദ്യ കവര്‍ച്ചാ ദൗത്യം തന്നെ പാളി. കവര്‍ന്ന ഫോണുകളുമായി മണിക്കൂറുകള്‍ക്കം കേരളം വിട്ട പ്രതികളെ പത്ത് ദിവസത്തിനകമാണ്  കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. ഈ മാസം ആറിനായിരുന്നു കൊച്ചിയിലെ അലന്‍ വോക്കര്‍ ഷോയ്ക്കിടെ മൊബൈല്‍ കൂട്ടകവര്‍ച്ച 26 ഐഫോണുകളടക്കം 39 ഫോണുകള്‍ ഉടമകള്‍ പോലുമറിയാതെ പ്രൊഫഷനല്‍ മോഷ്ടാക്കള്‍ കവര്‍ന്നു. ഡല്‍ഹി ഗ്യാങിലെ നാലു പേര്‍ ട്രെയിനിലും മുംബൈ ഗ്യാങ് വിമാനത്തിലുമാണ് എത്തിയത്. മുറിയെടുത്ത് താമസിച്ച് വിഐപി ടിക്കറ്റുകള്‍ വാങ്ങി പരിപാടിയില്‍ നുഴഞ്ഞുകയറി കവര്‍ച്ച നടത്തി തൊട്ടടുത്ത ദിവസം വന്നപോലെ തന്നെ മടക്കം.

സമാന കവര്‍ച്ചാകേസുകളുടെ വിവരങ്ങള്‍ പിന്തുടര്‍ന്നും മോഷ്ടിച്ച മൊബൈലുകളുടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിര്‍ണായകമായി. മോഷ്ടിച്ച ഫോണുകള്‍ വിറ്റഴിക്കുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. സംഘത്തിലെ മറ്റുള്ളവര്‍‍ക്കായി മുംബൈയിലും ഡല്‍ഹിയിലുമടക്കം അന്വേഷണം തുടരുകയാണ്. പരാതികളുടെ ഗൗരവം മനസിലാക്കി കൊച്ചി സിറ്റി പൊലീസ് ആദ്യ മണിക്കൂറില്‍ തന്നെ നടത്തിയ ചിട്ടയായ അന്വേഷണാണ് കവര്‍ച്ചാസംഘത്തെ കുരുക്കിയത്.

ENGLISH SUMMARY:

The footage of the arrest of the Delhi gang who committed the kochi mass mobile robbery is out