• വെടിക്കെട്ടിനെതിരായ കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പൂരപ്രേമികള്‍ക്ക് അമര്‍ഷം
  • നിയന്ത്രണങ്ങള്‍ അപ്രായോഗികമെന്നും സുരേഷ്ഗോപി ഇടപെടണമെന്നും പൂരപ്രേമികള്‍
  • നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി

വെടിക്കെട്ടിനെതിരായ കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പൂരപ്രേമികള്‍ക്ക് അമര്‍ഷം. നിയന്ത്രണങ്ങള്‍ അപ്രായോഗികമെന്നും സുരേഷ്ഗോപി ഇടപെടണമെന്നും ആവശ്യം. ശക്തി കുറഞ്ഞ വെടിക്കെട്ടിന് കൂടുതല്‍ ഇളവ് വേണമെന്നും പൂരപ്രേമികള്‍ ആവശ്യപ്പെടുന്നു. Also Read : കേന്ദ്ര ഉത്തരവ് തൃശൂര്‍ പൂരം വെടിക്കെട്ടിന്‍റെ മനോഹാരിതകള്‍ നശിപ്പിക്കും: കെ.രാജന്‍‌...


തൃശൂര്‍ പൂരം വെടിക്കെട്ടിന്‍റെ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്കുമാര്‍. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിലെ നിയന്ത്രണങ്ങള്‍ അപ്രായോഗികമാണ്. ഉത്തരവില്‍ തിരുത്ത് വേണം. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ട് നടത്താന്‍ പറ്റില്ല. പൂരം വെടിക്കെട്ട് ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്നും കെ.ഗിരീഷ് കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു

തൃശൂര്‍ പൂരം വെടിക്കെട്ടിനെ പ്രതിസന്ധിയിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. വെടിക്കെട്ട് പുരയുടെ ഇരുന്നൂറു മീറ്റര്‍ അകലെ വെടിക്കെട്ടു സാമഗ്രികള്‍ സ്ഥാപിക്കണമെന്ന ഉത്തരവാണ് പൂരത്തിന് തിരിച്ചടിയായത്. ഇതു തിരുത്തണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള റവന്യൂമന്ത്രി കെ.രാജന്‍, പ്രധാനമന്ത്രിയ്ക്കു കത്തെഴുതി. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് തിരുവമ്പാടിക്കും പാറമേക്കാവിനും വെവ്വേറെ വെടിക്കെട്ട് പുരകളുണ്ട്. ഇവിടെ നിന്ന് നാല്‍പത്തിയഞ്ചു മീറ്റര്‍ അകലെയാണ് വെടിക്കെട്ടു സാധനങ്ങള്‍ സ്ഥാപിക്കാറുള്ളത്. 

കേന്ദ്ര ഏജന്‍സിയായ പെസോയുടെ പുതിയ ഉത്തരവില്‍ പറയുന്നത് ഇരുന്നൂറ് മീറ്റര്‍ അകലെ വെടിക്കെട്ടു സാമഗ്രികള്‍ നിരത്തണമെന്നാണ്. ഇതുപ്രകാരം, സ്വരാജ് റൗണ്ടും കഴിഞ്ഞു വേണം വെടിക്കെട്ട് സാമഗ്രികള്‍ നിരത്താന്‍. ആശുപത്രികളുടേയും സ്കൂളുകളുടേയും 250 മീറ്റര്‍ അകലെ വേണം വെടിക്കെട്ടു നടത്തണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. കേരളത്തിലെ പൂരപ്രേമികളോടുള്ള വെല്ലുവിളിയാണിതെന്ന് റവന്യൂമന്ത്രി കെ.രാജന്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കും വകുപ്പുമന്ത്രിക്കും റവന്യൂമന്ത്രി കത്തെഴുതി. 

നിലവില്‍ വെടിക്കെട്ട് സാമഗ്രികള്‍ നിരത്തുന്ന ഫയര്‍ലൈനും ആളുകളും തമ്മിലുള്ള അകലം നൂറുമീറ്ററാണ്. ഇത് കുറയ്ക്കണമെന്ന് പൂരപ്രേമികള്‍ ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പ്രത്യേക യോഗം വിളിച്ചിരുന്നു. കേന്ദ്ര എക്സ്പ്ലോസീവ് നിയന്ത്രണ ഏജന്‍സിയായ പെസോയുടെ ഉന്നത ഉദ്യോഗസ്ഥര്‍ തൃശൂരില്‍ വന്ന് വെടിക്കെട്ട് സ്ഥലം അളന്നിരുന്നു. ഈ നിയന്ത്രണം ഒഴിവാക്കി നവപൂരം നടത്തുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, പൂരം വെടിക്കെട്ടിനു വെല്ലുവിളിയായി കേന്ദ്ര ഉത്തരവ് എത്തിയത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഈ ഉത്തരവില്‍ അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. തൃശൂരിന്റെ എം.പി കൂടിയായ സുരേഷ് ഗോപിയെ ഇക്കാര്യം ഫോണില്‍ വിളിച്ച് അവര്‍ ധരിപ്പിച്ചു. സുരേഷ് ഗോപിയുടെ വകുപ്പിനു കീഴില്‍ കൂടിയാണ് ഈ ഉത്തരവിറക്കിയ പെസോ. 

ENGLISH SUMMARY:

Centre’s tighter norms for fireworks worry Thrissur Pooram enthusiasts