ഭീകരാക്രണങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീരില്‍ ഭീകരവിരുദ്ധ സേനയുടെ വ്യാപക പരിശോധന. ഏഴുപേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് കരുതുന്ന ടെഹ്്രീക് ലബൈക് യാ മുസ്ലീം എന്ന ( ടിഎല്‍എം) ഭീകരസംഘടനയുടെ റിക്രൂട്ട്മെന്‍റ് കേന്ദ്രം തകര്‍ത്തു. ലഷ്കറെ തയിബയുടെ ഉപവിഭാഗമാണ് ടിഎല്‍എം. കൊല്ലപ്പെട്ട ഡോ.ഷാനവാസ് ദറിന്‍റെ വീട്ടില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല സന്ദര്‍ശനം നടത്തി.
അതിഥി തൊഴിലാളികളെ ലക്ഷ്യമിട്ട് ഒരു മാസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണം കേന്ദ്രസര്‍ക്കാരിനും സുരക്ഷാ സേനയ്ക്കും വന്‍ വെല്ലുവിളി ഉയര്‍ത്തുകയാണ്. ശ്രീനഗര്‍ ഗാൻദെർബാൽ, ബന്ദിപോര, കുല്‍ഗാം, ബഡ്ഗാം , അനന്ത്നഗ്, പുല്‍വാമ തുടങ്ങി ഏഴുജില്ലകളില്‍ ജമ്മു കശ്മീര്‍ ഭീകരവിരുദ്ധ സേന വ്യാപക പരിശോധന നടത്തി. ഏഴുപേരെ കസ്റ്റഡിയിലെടുത്തു, ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
ലഷ്കറെ തയിബയുടെ ഉപവിഭാഗമായ ടിഎല്‍എം കഴിഞ്ഞ മാസങ്ങളില്‍ ഒട്ടേറെ തീവ്രവാദ റിക്രൂട്ട്മെന്‍റ് നടത്തിയിട്ടുണ്ട് എന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായി. . ബാബാ ഹമാസ് എന്നറിയപ്പെടുന്ന വ്യക്തിയാണ് ടിഎല്‍എമ്മിന്‍റെ ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നത് എന്നാണ് സൂചന. അതിനിടെ അതിഥി തൊഴിലാളികള്‍ക്കൊപ്പം കൊല്ലപ്പെട്ട ഡോ.ഷാനവാസ് ദറിന്‍റെ വീട്ടില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല സന്ദര്‍ശനം നടത്തി. കൊല്ലപ്പെട്ട ശശി ഭൂഷന്‍ അബ്രോലിന്‍റെ വീട്ടില്‍ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിയുമെത്തി, ബന്ധുക്കളെ ആശ്വസിപ്പിച്ചു. സുരക്ഷാഭീഷണി സംസ്ഥാന പദവി പുനസ്ഥാപിക്കലിന് തടസമാവുമോയെന്ന ആശങ്ക ഒമര്‍ അബ്ദുല്ല സര്‍ക്കാരിനുണ്ട്.