jharkhand

ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ജാര്‍ഖണ്ഡ് ബിജെപിയില്‍ പൊട്ടിത്തെറി. ഒരു എംഎല്‍എയും മൂന്ന് മുന്‍ എംഎല്‍എമാരും പാര്‍ട്ടി വിട്ടു. മറ്റു പാര്‍ട്ടികളില്‍ നിന്ന് എത്തിയവര്‍ക്കാണ് പരിഗണന നല്‍കുന്നതെന്ന് വിമതര്‍ ആരോപിച്ചു.

81 അംഗ നിയമസഭയിലേക്ക് 66 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി ഒരുമുഴം മുന്‍പേ നീങ്ങിയെങ്കിലും സീറ്റ് ലഭിക്കാത്തവര്‍ കടുത്ത അതൃപ്തിയിലാണ്. പലരും പാര്‍ട്ടി വിടുകയും ചെയ്തു. മുന്‍ എംഎല്‍എ ലൂയിസ് മറാന്‍ഡി, നേതാക്കളായ കുനാല്‍ സാരംഗി, ലക്ഷ്മണ്‍ ടുഡു എന്നിവര്‍ ജെ.എം.എമ്മില്‍ ചേര്‍ന്നു. മൂന്ന് തവണ ബിജെപി എംഎല്‍എ ആയിരുന്ന കേദാര്‍ ഹസ്രയും കഴിഞ്ഞയാഴ്ച ജെ.എം.എമ്മില്‍ ചേര്‍ന്നിരുന്നു. 

ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചവരെ അവഗണിച്ചെന്നും മറ്റു പാര്‍ട്ടികളില്‍ നിന്ന് വന്നവര്‍ക്കാണ് ബിജെപി നേതൃത്വം പരിഗണന നല്‍കുന്നതെന്നും പാര്‍ട്ടിവിട്ടവര്‍ കുറ്റപ്പെടുത്തി. നിലവില്‍ പ്രഖ്യാപിച്ച 66 പേരില്‍ പകുതിയോളം പേരും സമീപകാലത്ത് ബിജെപിയില്‍ ചേര്‍ന്നവരാണെന്നും ആരോപണമുണ്ട്. 

 

മുന്‍ മുഖ്യമന്ത്രി ചംപയ് സോറന്‍, മകന്‍ ബാബുലാല്‍ സോറന്‍, ലോബിന്‍ ഹെംബ്രോം ഗംഗ നാരായണ്‍, മഞ്ജു ദേവി, സീത സോറന്‍ തുടങ്ങിയവര്‍ക്ക് ടിക്കറ്റ് നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. അതേസമയം പാര്‍ട്ടിയില്‍ കാര്യമായ ഭിന്നതയില്ലെന്നും വലിയ പാര്‍ട്ടിയായതിനാല്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാകുമെന്നും ജാര്‍ഖണ്ഡിന്‍റെ ചുമതല വഹിക്കുന്ന ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിസ്വ ശര്‍മ പറഞ്ഞു. 

ENGLISH SUMMARY:

Several BJP leaders, including one MLA and three ex-MLAs, join JMM ahead of Jharkhand polls