bomb-threat

ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യാജ ബോംബ് ഭീഷണി തുടരവേ, പുതിയ പ്രോട്ടോക്കോള്‍ പ്രാബല്യത്തില്‍. ഭീഷണികള്‍ ഉറപ്പിക്കാതെ വിമാനങ്ങള്‍ നിലത്തിറക്കുകയോ വഴിതിരിച്ചുവിടുകയോ ഇല്ല. വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. 

24 മണിക്കൂറിനിടെ എണ്‍പതിലേറെ വ്യാജ ഭീഷണികള്‍, ഒന്‍പത് ദിവസത്തിനിടെ വിമാന കമ്പനികള്‍ക്കുണ്ടായ നഷ്ടം 600 കോടി രൂപയ്ക്ക് മുകളില്‍. വരുംദിവസങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ വ്യാപകമാകുമെന്ന വിലയിരുത്തലിലാണ് പുതിയ പ്രോട്ടോക്കോള്‍ പുറത്തിറക്കിയത്. ഭീഷണികള്‍ ഉറപ്പാക്കാതെ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കുകയോ, വഴിതിരിച്ചുവിടുകയോ ഇല്ല. ആശങ്ക പരത്തുക മാത്രമാണ് സൈബര്‍ കുറ്റവാളികളു‍ടെ ലക്ഷ്യമെന്നാണ് നിഗമനം. 

അതിനിടെ വ്യാജ ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കുന്ന അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുന്നതായി കണക്കാക്കുമെന്നും എക്സിന്‍റെയും മെറ്റയുടെയും പ്രതിനിധികളെ വിളിച്ചുവരുത്തി കേന്ദ്ര ഐടി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വ്യാജ ബോംബ് ഭീഷണി മുഴക്കിയ 11 എക്സ് അക്കൗണ്ടുകള്‍ കൂടി കണ്ടെത്തി ബ്ലോക്ക് ചെയ്തിട്ടുണ്ട്. വിപിഎൻ ചെയിനിങ്ങാണ് സംഘം വ്യാപകമായി ഉപയോഗിക്കുന്നത്. യഥാർഥ ഐപി വിലാസം മറച്ചുവച്ച് വ്യത്യസ്ത സ്ഥലത്തിരുന്ന് ബ്രൗസ് ചെയ്യുന്നതായി ബോധ്യപ്പെടുത്തുന്ന രീതിയാണിത്. 

ENGLISH SUMMARY:

Amid fake bomb threats to Indian aircraft, a new protocol has been implemented.