വഖഫ് നിയമഭേദഗതി ബില്‍ പരിഗണിക്കുന്ന സംയുക്ത പാര്‍ലമെന്‍ററി സമിതിയില്‍ ഭിന്നത രൂക്ഷം. സ്ഥാനമൊഴിയാന്‍ തയാറാണെന്ന് സമിതി അധ്യക്ഷന്‍ ജഗദംപികാപാല്‍ അറിയിച്ചു. ഇന്നലെ യോഗത്തിനിടെ  ടിഎംസി എം.പി  കല്യാണ്‍ ബാനര്‍ജി ചില്ലുപാത്രം എറിഞ്ഞുടച്ച സാഹചര്യത്തിലാണ് പ്രതികരണം.

സംയുക്ത പാര്‍ലമെന്‍ററി സമിതി അധ്യക്ഷന്‍ ജഗദംപികാപാല്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും വഖഫുമായി ബന്ധമില്ലാത്തവരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടുന്നുവെന്നുമാണ് പ്രതിപക്ഷ എം.പിമാരുടെ പരാതി. കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗത്തില്‍ കര്‍ണാടകയില്‍നിന്നുള്ള അന്‍വര്‍ മനിപ്പാടി മല്ലികാര്‍ജുന്‍ ഖര്‍ഗെയടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. 

വഖഫ് ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല അന്‍വര്‍ പറഞ്ഞതെന്നും ഇത് തടയാന്‍ ജഗദംപികാപാല്‍ തയാറായില്ലെന്നും അംഗങ്ങള്‍ ആരോപിച്ചു. തുടര്‍ന്ന് ജഗദംപികാപാലിനെ നീക്കണമെന്നാവശ്യപ്പെട്ട് ലോക്സഭ സ്പീക്കര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ടി.എം.സി. അംഗം കല്യാണ്‍ ബാനര്‍ജി യോഗത്തിനിടെ രോഷാകുലനായി ചില്ലുപാത്രം അടിച്ചുപൊട്ടിച്ചത്. 

തന്‍റെ 40 വര്‍ഷത്തെ പാര്‍ലമെന്‍ററി ജീവിതത്തില്‍ ഇത്തരം സംഭവം ആദ്യമാണെന്നും എം.പിമാര്‍ക്ക് തന്നെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ സ്ഥാനമൊഴിയാന്‍ തയാറാണെന്നും ജഗദംപികാപാല്‍ പറഞ്ഞു. യോഗത്തില്‍ എല്ലാവര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കാറുണ്ടെന്നും ഇന്നലത്തെ സംഭവ വികാസങ്ങള്‍ സ്പീക്കറെ ധരിപ്പിച്ചെന്നും ജഗദംപികാപാല്‍ പറഞ്ഞു. 

ENGLISH SUMMARY:

The meeting of the joint committee of Parliament on the Waqf (Amendment) Bill took a dramatic turn on Tuesday after Trinamool Congress (TMC) MP Kalyan Banerjee smashed a glass bottle and ended up hurting himself during a heated discussion with BJP MP Abhijit Gangopadhyay.