jiohotstar.com ല്‍ കാണിക്കുന്ന സന്ദേശം.

TOPICS COVERED

മുകേഷ് അംബാനി മനസില്‍ കണ്ടപ്പോള്‍ മാനത്ത് കണ്ടവന്‍  എന്ന് മാത്രമാണ് ഡല്‍ഹിയിലിരിക്കുന്ന ഈ അജ്ഞാതനായ ടെക്കിയെ പറ്റി പറയാനുള്ളൂ. റിലയന്‍സിന്‍റെ നേതൃത്വത്തിലുള്ള വിയകോം 18 ഹോട്ട്സ്റ്റാറിനെ ഏറ്റെടുക്കുമെന്ന വാര്‍ത്ത വന്നതോടെ കക്ഷി  ജിയോ ഹോട്ട്സ്റ്റാറിന്‍റെ ഡൊമെയിന്‍ നെയിം കയ്യിലാക്കി.

Also Read: അംബാനിക്ക് രണ്ടു ദിവസത്തിനിടെ നഷ്ടം 17,600 കോടി രൂപ; സമ്പന്നപട്ടികയില്‍ താഴോട്ട്

ഹോട്ട്സ്റ്റാര്‍ റിലയന്‍സിന്‍റെ കയ്യിലായെങ്കിലും ഹോട്ട്സ്റ്റാറും ജിയോ സിനിമയും ലയിക്കുമെന്ന് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇതുവരെയില്ല. രണ്ടും ലയിച്ച് ജിയോഹോട്ട്സ്റ്റാര്‍ എന്ന പേരിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ റിലയന്‍സ് ഗ്രൂപ്പിന് ചില്ലറ പണിയാണ് ഈ വിദ്വാന്‍ വരുത്തിവച്ചിരിക്കുന്നത്. 

ഡൊമെയിന്‍ നെയിം വില്‍ക്കാന്‍ തയ്യാറാണെങ്കിലും ഒരു കോടി രൂപയാണ് ആവശ്യപ്പെടുന്നത്. ഉപരിപഠനത്തിന് ആവശ്യമായ തുകയാണിതെന്നാണ് കക്ഷിയുടെ വാദം. jiohotstar.com ലേക്ക്  ചെല്ലുമ്പോള്‍ വിശദമായൊരു കുറിപ്പ് ടെക്കി വെബ്സൈറ്റില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്.

ഡല്‍ഹി ആസ്ഥാനമായുള്ള ആപ്പ് ഡെവലപ്പറാണെന്നും നിലവില്‍ സ്വന്തം സ്റ്റാര്‍ട്ട് അപ്പിന്‍റെ പ്രവര്‍ത്തനങ്ങളിലാണെന്നും സ്വയം പരിചയപ്പെടുത്തുന്നു. പിന്നീടാണ് എങ്ങനെ ഈ ഡൊമെയിന്‍ വാങ്ങി എന്നതിന്‍റെ വിശദീകരണം. 

Also Read: പൊതുമേഖലാ ഓഹരികള്‍ക്ക് എന്തു പറ്റി? രണ്ട് മാസത്തിനിടെ നിക്ഷേപകര്‍ക്ക് നഷ്ടം 8 ലക്ഷം കോടി രൂപ

2023 ലാണ് സമൂഹമാധ്യമങ്ങളില്‍ ഡിസ്നി ഹോട്ട്സ്റ്റാറിനെ വില്‍ക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കാണുന്നത്. നിലവില്‍ ഹോട്ട്സ്റ്റാറിനെ വാങ്ങാന്‍ റിലയന്‍സിന്‍റെ നേതൃത്വത്തിലുളള വിയകോം18 ന് മാത്രമെ സാധിക്കു എന്ന നിഗനമത്തിലാണ് ഡൊമെയിന്‍ വാങ്ങാന്‍ തീരുമാനിച്ചതെന്ന് സൈറ്റില്‍ പറയുന്നു. 

മ്യൂസിക് സ്ട്രീമിങ് സര്‍വീസായ സാവന്‍ വാങ്ങിയപ്പോള്‍ ജിയോസാവന്‍ എന്ന പേരിട്ടത് പോലെ ഹോട്ട്സ്റ്റാറിനെ വാങ്ങിയാല്‍ ജിയോഹോട്ട്സ്റ്റാര്‍ എന്നാകും പേര് എന്ന് ഊഹിത്തിലായിരുന്നു ഇത്. ഈ ഡൊമെയിന്‍ ലഭ്യമായതിനാല്‍ ഇതിലൂടെ കാംബ്രിഡ്ജിലെ പഠനം എന്ന സ്വപ്നം നടത്താന്‍ സാധിക്കുമെന്നാണ് സൈറ്റില്‍ പറയുന്നത്. 

അതേസമയം റിലയന്‍സില്‍ നിന്നും ഒരു എക്സിക്യൂട്ടീവ് തന്നെ ബന്ധപ്പെട്ടെന്നും പഠനത്തിന്‍റെ ട്യൂഷന്‍ ഫീസായി വരുന്ന 93,345 പൗണ്ട് (1.01 കോടി രൂപ) എന്ന തന്‍റെ ആവശ്യം നിരസിച്ചതായും വെബ്സൈറ്റില്‍ അപ്ഡേറ്റുണ്ട്. 

റിലയന്‍സിന്‍റെ കൊമേഴ്‌സ്യൽസ് വിഭാഗം അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ്  അംബുജേഷ് യാദവാണ് ബന്ധപ്പെട്ടതെന്ന് സൈറ്റില്‍ പറയുന്നു. ഉന്നത പഠനത്തിന്‍റെ  ട്യൂഷൻ ഫീസിന് തുല്യമായ തുക ആവശ്യപ്പെട്ടെങ്കിലും അപേക്ഷ നിരസിച്ചു. റിലയൻസ് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് അറിയിച്ചതെന്നും ടെക്കി വെബ്സൈറ്റിലിട്ട കുറിപ്പിലുണ്ട്.  

2023-ൽ ഡൊമെയിന്‍ വാങ്ങുന്ന സമയത്ത് ജിയോഹോട്ട്സ്റ്റാര്‍ നിലവില്ലാത്തതിനാല്‍ ഒരു ട്രേഡ്മാര്‍ക്കും ലംഘിച്ചിട്ടില്ല. റിലയന്‍സ് തീരുമാനം പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നും ഇത്രയും വലിയ കമ്പനിക്ക് സഹായിക്കാൻ കഴിയുമെന്നും ശുഭാപ്തി വിശ്വാസവും കുറിപ്പില്‍ പങ്കുവെയ്ക്കുന്നു.

ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഈ ഡൊമെയ്‌നിലേക്കുള്ള ആക്‌സസ് നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ടെന്നും നിയമ വിദഗ്ധരുടെ സഹായം ആവശ്യമുണ്ടെന്നും കുറിപ്പിലുണ്ട്.

ENGLISH SUMMARY:

Delhi techie acquires Jio Hotstar domain name; Demand one crore rupees.