കോടികള്‍ ലക്ഷ്യമിട്ട് ജിയോ ഹോട്ട്സ്റ്റാര്‍ ഡൊമെയ്ന്‍ സ്വന്തമാക്കിയ ഡല്‍ഹി ടെക്കി മുതല്‍ എല്ലാവരെയും ഞെട്ടിച്ച് പുതിയ നീക്കവുമായി റിലയന്‍സ്. വിയകോം 18ഉം സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ലയിച്ചു വരുന്ന പുതിയ ബ്രാന്‍ഡിന്‍റേതെന്ന് സൂചന നല്‍കുന്ന വെബ്സൈറ്റ് ലൈവായി.
ഔദ്യോഗികമായ അറിയിപ്പില്ലെങ്കിലും ജിയോസ്റ്റാര്‍.കോം എന്ന വെബ്സൈറ്റ് ഇന്നലെ മുതല്‍ ലഭ്യമാണ്. ‘Coming Soon’ എന്ന മെസേജ് മാത്രമാണ് നിലവില്‍ വെബ്സൈറ്റിലുള്ളത്. ഇതിനൊപ്പം ജിയോ സ്റ്റാര്‍ എന്ന പേരില്‍ വിക്കിപീഡിയ പേജും ലഭ്യമായിട്ടുണ്ട്. പുതിയ ബ്രാന്‍ഡ് ലോഞ്ച് ചെയ്യുന്നുവെന്നതിന്‍റെ സൂചനയായാണ് ഇത് വിലയിരുത്തുന്നത്.
ജിയോ ഹോട്ട്സ്റ്റാര്‍ ഡൊമെയ്ന്‍ സ്വന്തമാക്കിയ ദുബായില്‍ നിന്നുള്ള സഹോദരങ്ങള്‍ റിലയന്‍സിന് സൗജന്യമായി ഡൊമെയ്ന്‍ കൈമാറാന്‍ തയ്യാറാമെന്ന് അറിയിച്ചതിന് പിന്നാലെയാണ് പുതിയ വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടത്. ഡൊമെയ്ന്‍ വാങ്ങാന്‍ താല്‍പര്യമറിയിച്ച് നിരവധി ഓഫറുകള്‍ വന്നതിന് പിന്നാലെയാണ് സഹോദരങ്ങള്‍ തീരുമാനം അറിച്ചത്.
വലിയ തുകയ്ക്കാണ് പല ഓഫറുകളും ലഭിച്ചത്. എന്നാല്‍ ഡൊമെയ്ന്‍ വില്‍ക്കില്ലെന്ന തീരുമാനത്തിലായിരുന്നു ഇവര്‍. ഡല്‍ഹി സ്വദേശിയായിരുന്ന ഡെലവപ്പറുടെ ഉന്നത പഠനത്തിന് സഹായിക്കാനാണ് ഇവര്‍ ഡൊമെയ്ന്‍ വാങ്ങിയതെന്നാണ് വെബ്സൈറ്റില്‍ വ്യക്തമാക്കിയിരുന്നു.
ജിയോ ഹോട്ട്സ്റ്റാറിന്‍റെ ഡൊമെയ്ന്‍ നെയിം കയ്യിലാക്കിയ ഡല്‍ഹിക്കാരനായ ടെക്കി ഇത് വില്‍പ്പനയ്ക്ക് വെച്ചതോടെയാണ് വാര്‍ത്തയായത്. ഉന്നത പഠനത്തിന്‍റെ ചിലവായ ഒരു കോടി രൂപയാണ് ഇദ്ദേഹം റിലയന്‍സിനോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് ജിയോ ഹോട്ട്സ്റ്റാര്‍ ഡൊമെയിന്‍ ദുബായിലുള്ള സഹോദരങ്ങള്‍ക്ക് വിറ്റതായി വെബ്സൈറ്റില്‍ അറിയിപ്പ് വന്നത്.
റിലയന്‍സ് ജിയോയുടെ വിയകോം 18 ഉം സ്റ്റാര്‍ ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡുമായുള്ള ലയനം ഈ ആഴ്ചയോടെ പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വെബ്സൈറ്റ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ജിയോ സിനിമയിലെയും ഹോട്ട്സ്റ്റാറിലെയും ഉള്ളടക്കങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. കമ്പനി ലയനവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് വിയകോം 18 ഉം ഡിസ്നിയും കടക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
വാള്‍ട് ഡിസ്നിയുടെ ഡിസ്നി സ്റ്റാറും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ വിയകോം 18 ഉം ലയിച്ചുണ്ടാകുന്ന പുതിയ കമ്പനിയില്‍ റിലയന്‍സിന് 60 ശതമാനം ഓഹരി പങ്കാളിത്തമാണുണ്ടാവുക. 16 ശതമാനം നേരിട്ടും 47 ശതമാനം വിയകോം 18 വഴിയുമാണിത്. അതേസമയം ഡിസ്നി 37 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കും.