ഷിരൂരില്‍ അര്‍ജുന്‍റെ തിരച്ചിലിന്‍റെ നെടും തൂണായി നിന്നിരുന്ന കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ എം.എൽ.എ അറസ്റ്റിൽ.  ബിലികേരി ഇരുമ്പ് അയിര് കടത്ത് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്.  കേസിൽ  ബംഗളുരുവിലെ കോടതി കുറ്റക്കാരൻ ആണെന്നു കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. 

സിബിഐ അറസ്റ്റ് ചെയ്ത സതീഷ് കൃഷ്ണ സെയിലിനെ പരപ്പന ആഗ്രഹര ജയിലിലേക്ക് മാറ്റി. കേസില്‍ കോടതി നാളെ വിധി പറയും. 2010 ൽ ബെല്ലാരിയിലെ ബിലികേരി ഖനിയിൽ നിന്ന് 7.74   മില്യൻ ടൺ ഇരുമ്പ് അയിര് കാർവാർ തുറമുഖം വഴി അനധികൃതമായി വിദേശത്തേക്ക്  കടത്തിയെന്നാണ് കേസ്. 

കർണാടക ലോകയുക്തയായിരുന്ന ജസ്റ്റിസ് എൻ സന്തോഷ്‌ ഹെഡ്ഗെയുടെ ഇടപെടലിലൂടെയാണ്‌ കള്ളക്കടത്ത് പുറത്തു വന്നത്. പിന്നീട് കേസ് സിബിഐക്ക് കൈമാറി. സെയിലിന്റെ മല്ലിക്കാര്‍ജുന്‍ ഷിപ്പിങ് കോർപ്പറേഷൻ അടക്കം 4കമ്പനികൾ ആണ് കള്ളക്കടത്ത് നടത്തിയെന്ന് കണ്ടെത്തിയത്.