പൊന്നുപോലെ വളര്‍ത്തിയ മകളെ ജീവനറ്റ് കാണേണ്ടി വന്ന മാതാപിതാക്കളുടെ ദുഃഖത്തിന് എന്ത് ആശ്വാസവാക്കാണ് പകരംവയ്ക്കാനുള്ളതെന്ന് അറിയാതെ ഉഴലകയാണ് ഉറ്റവര്‍. ഇരുപത്തിനാല് വയസ്സുവരെ പോറ്റി വളര്‍ത്തിയ മകളെ കാര്‍ത്തികിന് കൈപിടിച്ചു കൊടുക്കുമ്പോള്‍ അവിടെ അവള്‍ സന്തോഷത്തോടെ സുരക്ഷിതമായിരിക്കും എന്നുമാത്രമാവും അവര്‍ കരുതിയിരിക്കുക. എന്നാല്‍ ഭര്‍ത്താവിന്‍റെ അടുത്തൊന്ന് ഇരിക്കാന്‍ പോലും അനുവദിക്കാതെ, അര്‍ത്തവദിനങ്ങളില്‍ തറയിലിരുത്തി, എച്ചില്‍ പാത്രത്തില്‍ ഭക്ഷണം നല്‍കി ശ്രുതിയെ അവര്‍ പീഡിപ്പിക്കുകയാണെന്നും അത് അവള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്നും ആ മാതാപിതാക്കള്‍ അറിഞ്ഞത് മകളുടെ മരണത്തോടെയാണ്.
കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ‘എന്‍റെ പൊന്നുമോള്‍ക്ക് എന്താണ് പറ്റിയതെന്ന് എനിക്ക് അറിയണം’ എന്ന മുറവിളി കൂട്ടുന്ന ആ അച്ഛന്‍ നെഞ്ചില്‍ നോവായി പടരുകയാണ്. ദീപാവലിക്ക് വീട്ടിലേക്ക് വരാമെന്ന് പറഞ്ഞിരുന്ന കുട്ടിയാണ്, അവള്‍ക്കെന്താണ് പറ്റിയത്? അവിടെ എന്തോ നടന്നിട്ടുണ്ട്. അതിന്‍റെ സത്യം അറിയണം. എന്‍റെ മകളെ ഇത്രയും ദ്രോഹിച്ച ആ സ്ത്രീ ഇനിയൊരു പെണ്‍കുട്ടിയെയും ദ്രോഹിക്കാന്‍ പാടില്ല. അഞ്ചാറു മാസം കഴിയുമ്പോള്‍ അവര്‍ കാര്‍ത്തിക്കിനെ വീണ്ടും വിവാഹം കഴിപ്പിക്കും. ആ പെണ്‍കുട്ടിയെയും അവര്‍ ഇങ്ങനെ കൊല്ലും. അവരെ വെറുതേവിടാന്‍ പാടില്ല എന്നാണ് സ്ത്രീധനപീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത ശ്രുതിയുടെ പിതാവ് ബാബു പറയുന്നത്.
സ്ത്രീധനം കുറഞ്ഞുപോയി എന്ന പേരിലാണ് ശ്രുതിയെ ഭര്‍തൃമാതാവ് പീഡിപ്പിച്ചിരുന്നത്. തന്നോട് വീട്ടില്‍ നിന്ന് ഇറങ്ങുപ്പോകാന്‍ പറഞ്ഞുവെന്നും അവര്‍ ഭര്‍ത്താവുമായി തന്നെ അടുപ്പിക്കുന്നില്ലെന്നും ശ്രുതി അമ്മയ്ക്ക ശബ്ദസന്ദേശം അയച്ചിരുന്നു.
ശ്രുതിയുടെ മരണത്തിനു പിന്നാലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍തൃമാതാവ് സെമ്പകവല്ലിക്കെതിരെ ആരോപണങ്ങള്‍ ശക്തമാണ്. അവരുടെ ആത്മഹത്യാശ്രമം നാടകമാണ്. തമിഴ്‌നാട് പൊലീസ് എഫ്‌ഐആറില്‍ ഇട്ടിരിക്കുന്നത് കുറഞ്ഞ വകുപ്പുകളാണ്. എന്‍റെ മകളുടെ മരണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടരുത് എന്നാണ് ശ്രുതിയുടെ പിതാവ് പറയുന്നത്.
മകളുടെ സന്ദേശം കേട്ടയുടനെ തന്നെ നാഗര്‍കോവിലിലേക്കു തിരിച്ചു. അതിനിടയില്‍ കാര്‍ത്തികിനെയടക്കം എല്ലാവരെയം വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. ഇടയ്ക്ക് ശ്രുതിക്ക് പള്‍സ് വളരെ കുറവാണ് ആശുപത്രിയിലേക്കു കൊണ്ടുപോകുകയാണെന്ന് കാര്‍ത്തിക്കിന്‍റെ സഹോദരി ഫോണിലൂടെ പറഞ്ഞു. പിന്നീട് വിളിച്ചപ്പോള്‍ ശ്രുതിയെ ആശാരിപള്ളം സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നു പറഞ്ഞു.
സത്യം പറയണം, എന്‍റെ മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കടുപ്പിച്ച് ചോദിച്ചപ്പോള്‍ ശ്രുതി തൂങ്ങിമരിക്കാന്‍ ശ്രമിച്ചുവെന്ന് അവര്‍ മറുപടി തന്നു. മകള്‍ ജീവനോടെ ഉണ്ടോ എന്നു ചോദിച്ചപ്പോള്‍ ‘അവള്‍ പോയി’ എന്നുമാത്രം പറഞ്ഞു. ഇതു കേട്ടപാടെ ശ്രുതിയുടെ അമ്മ ബോധം കെട്ടുവീണു. ഒരുതരത്തിലാണ് ആശുപത്രിയില്‍ എത്തിയത്. മോര്‍ച്ചറിയില്‍ എത്തി അവളെ കാണുമ്പോള്‍ ഉറങ്ങിയപോലെ കിടക്കുകയായിരുന്നു. തൂങ്ങിമരിച്ചതിന്‍റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. ഇത് നുണയാണോ എന്ന് അറിയേണ്ടതുണ്ട്. അത്രയും ഉയരത്തില്‍ കയറി കമ്പിയില്‍ കുരുക്കിടാനൊന്നും അവള്‍ക്ക് കഴിയില്ല എന്നാണ് ബാബു പറയുന്നത്.