pet-dog

Image Credit: AI Generated Image

TOPICS COVERED

വളര്‍ത്തുനായയെ ഉപദ്രവിച്ച് കെട്ടിത്തൂക്കിക്കൊന്ന കേസില്‍ അമ്മയും മകനും അറസ്റ്റില്‍. പൂനെ മുല്‍ഷി തഹ്സിലുളള  പിരാംഗുട്ടിലാണ് കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. സംഭവത്തില്‍ പ്രഭാവതി ജഗ്തപ് മകൻ ഓംകാർ ജഗ്തപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മരത്തില്‍ തൂങ്ങിക്കിടക്കുന്ന നായയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഉടമകള്‍ക്കെതിരെ പരാതിയുമായി മൃഗസംരക്ഷണ പ്രവര്‍ത്തക പദ്മിനി സ്റ്റംപ് രംഗത്തെത്തിയത്. വൈകാതെ നായയുടെ ഉടമയായ അമ്മയും മകനും അറസ്റ്റിലാവുകയായിരുന്നു.

ഒക്ടോബർ 22 നാണ് പ്രഭാവതിയും മകന്‍ ഓംകാറും ചേര്‍ന്ന് ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട തങ്ങളുടെ വളര്‍ത്തുനായയെ വടികൊണ്ട് തല്ലി അവശനിലയിലാക്കിയത്. പിന്നാലെ നായയെ തൊട്ടടുത്തുളള മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. നായയ്ക്ക് പേവിഷബാധയുണ്ടെന്ന സംശയത്തിന്‍റെ പുറത്താണ് നായയെ കൊലപ്പെടുത്തിയതെന്നാണ് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയത്. നായയെ കൊലപ്പെടുത്തും മുന്‍പ്  പിംപ്രിയിൽ  പ്രവർത്തിക്കുന്ന നായകളുടെ ഷെൽട്ടർ ഹോമിലേക്ക് വിളിച്ച്  നായയെ വീട്ടിൽ നിന്ന് കൊണ്ടുപോകണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നായയെ കൊണ്ടുപോകാന്‍ ആരും വരാതായതോടെ കൊന്നുകെട്ടിത്തൂക്കിയ ചിത്രം ഇവര്‍ ഷെൽട്ടർ ഹോം അധികൃതര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു.

ഇതിനുപിന്നാലെയാണ് മിഷന്‍ പോസിബിള്‍ ഫൗണ്ടേഷന്‍ നടത്തുന്ന സന്നദ്ധപ്രവര്‍ത്തകയായ പദ്മിനി സ്റ്റംപ് നായയുടെ ഉടമകള്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. മൃഗങ്ങൾക്കെതിരായ അതിക്രമത്തിനാണ് പ്രഭാവതിയേയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അതേസമയം വാര്‍ത്തയും നായയുടെ ദൃശ്യങ്ങളും ചര്‍ച്ചയായതോടെ ശിവസേന നേതാവ് ആദിത്യ താക്കെറയും സംഭവത്തെക്കുറിച്ച്  സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.

ENGLISH SUMMARY:

Woman, son booked for killing dog by hanging it from tree in Pune