ഡല്‍ഹിയിലെ മലിനീകരണത്തിനെതിരെ പ്രതിഷേധിക്കാന്‍ യമുനാ നദിയിലിറങ്ങിയ ബിജെപി സംസ്ഥാന അധ്യക്ഷന് പണി കിട്ടി. പതഞ്ഞ് പൊങ്ങിയ യമുനയില്‍ മുങ്ങിയ വീരേന്ദ്ര സച്ച്ദേവ ചൊറിച്ചിലിനും ശ്വാസതടസത്തിനും ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
കാലാവസ്ഥ മാറ്റവും മലിനീകരണവും കൊണ്ട് പതഞ്ഞു പൊങ്ങിയ യമുനാനദിയിൽ ഇറങ്ങരുതെന്ന് വിദഗ്ധര്‍ മുന്നറിയപ്പ് നൽകിയിരുന്നു. ഇതിനിടെയാണ് ബിജെപി അധ്യക്ഷന് വീരേന്ദ്ര സച്ച്ദേവയുടെ പ്രകടനം. എന്തും ഓവറായാലേ ശ്രദ്ധക്കപ്പെടൂ എന്ന ലൈനിലായിരുന്നു കക്ഷി. നദീ ശുദ്ധീകരണ ഫണ്ട് ആംആദ്മി പാര്‍ട്ടി മുക്കി എന്ന് ആരോപിച്ച് സച്ച്ദേവ നുരഞ്ഞ് ഒഴുകിയ യമുനയില്‍ മുങ്ങി. ഉടന്‍ പൊങ്ങിയെങ്കിലും പിന്നീടങ്ങോട്ട് വിശ്രമമുണ്ടായിട്ടില്ല. ചൊറിച്ചിലോട് ചൊറിച്ചില്‍. പിന്നാലെ ശ്വാസ തടസവും. ഒടുവിൽ സഹികെട്ട് ആര്‍എംഎല്‍ ആശുപത്രിയിലേക്ക്.
ചൊറിഞ്ഞ് തളരില്ലെന്നും മലിനീകരണത്തിനും എഎപിക്കും എതിരായ പോരാട്ടം തുടരുമെന്നും സുഖം പ്രാപിച്ചുവരുന്ന സച്ച്ദേവ പറഞ്ഞു. ഇത്രയും ഡോസുള്ള പോരാട്ടം വേണ്ട നേതാവേ എന്നാണ് അണികളുടെ അടക്കം പറച്ചില്‍.