രാജ്യത്ത് വിമാന സര്‍വീസുകളെയും വിമാനത്താവളങ്ങളെയും ലക്ഷ്യംവച്ചുള്ള വ്യാജ ബോംബ് ഭീഷണികള്‍ക്ക് പിന്നാലെ ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശങ്ങള്‍. കൊൽക്കത്ത, തിരുപ്പതി, രാജ്‌കോട്ട് എന്നിവിടങ്ങളിലായി ഏകദേശം രണ്ട് ഡസനോളം ഹോട്ടലുകൾക്കാണ് ശനിയാഴ്ച ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ഇമെയിലായിരുന്നു സന്ദേശങ്ങള്‍ ലഭിച്ചത്. ദീപാവലി സീസണ്‍ അടുത്തിരിക്കെ എത്തിയ സന്ദേശങ്ങള്‍ ഹോട്ടല്‍ മേഖലയെ സ്തംഭിപ്പിച്ചു. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ സന്ദേശങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
രാജ്യത്ത് കഴിഞ്ഞ കുറേമാസങ്ങളായി വിമാനങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ടു വന്ന വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളാണ് ഇപ്പോള്‍ മറ്റ് മേഖലകളിലേക്കും വ്യാപിക്കുന്നത്. കൊൽക്കത്തയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാൾ സന്ദർശിക്കുന്ന ഒരു ദിവസം കുറഞ്ഞത് 10 പ്രധാന ഹോട്ടലുകളെങ്കിലെങ്കിലും വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ബോംബ് സ്ക്വാഡ് സൂക്ഷ്മ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈ വർഷമാദ്യം സ്‌കൂളുകൾക്ക് നേരെ ലഭിച്ച വ്യാജ ബോംബ് ഭീഷണിയുടെ അതേ മാതൃകയിലുള്ള മെയിലുകളാണ് ഹോട്ടലുകളിലും ലഭിച്ചതെന്ന് കൊൽക്കത്ത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിമാനങ്ങൾക്ക് നിരവധി സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് കൊൽക്കത്ത പൊലീസ് ഇതിനകം കേന്ദ്ര ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, ‘റിയാലിറ്റി ഈസ് ഫേക്ക്’ എന്ന ഓമനപ്പേരാണ് ഇമെയില്‍ അയച്ചയാള്‍ ഉപയോഗിച്ചിരിക്കുന്നത്. ‘നിങ്ങളുടെ ഹോട്ടല്‍ പരിസരത്ത് ഞാന്‍ ബോംബ് വച്ചിട്ടുണ്ട്. കറുത്ത ബാഗിൽ ഒളിപ്പിച്ചിരിക്കുകയാണവ. നിങ്ങൾക്ക് ജീവിക്കാൻ ഇനി കുറച്ച് സമയം മാത്രമേയുള്ളൂ, അവ ഉടൻ പൊട്ടിത്തെറിക്കും, കഴിയുമെങ്കില്‍ രക്ഷപ്പെട്ടോളൂ’ എന്നാണ് ഒരു ഇമെയിലില്‍ പറയുന്നത്. തിരുപ്പതിയിൽ ശനിയാഴ്ച മൂന്ന് ഹോട്ടലുകളിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഗുജറാത്തിലെ രാജ്‌കോട്ടിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ 10 ഹോട്ടലുകൾക്ക് ഒരേസമയമാണ് ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചത്. ഹോട്ടലുകളിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് രാജ്‌കോട്ട് ഡിസിപി പാർത്ഥ്‌രാജ് സിംഗ് ഗോഹിൽ പറഞ്ഞു.