പ്രണയാഭ്യര്‍ഥന നിരസിച്ചതിന് കൊല്‍ക്കത്തയില്‍ മുപ്പതുവയസുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ഭര്‍തൃസഹോദരന്‍. കൊലപാതകത്തിന് ശേഷം തല അറുത്ത് ശരീരം മൂന്ന് കഷണങ്ങളാക്കി കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്‍റെ സഹോദരനും നിർമാണത്തൊഴിലാളിയുമായ അതിയുർ റഹ്മാൻ ലസ്കർ (35) കുറ്റം സമ്മതിച്ചിട്ടുണ്ട്.
വെളളിയാഴ്ച രാവിലെ റീജന്‍റ് പാർക്ക് പരിസരത്താണ് പോളിത്തീൻ ബാഗിൽ യുവതിയുടെ തല കണ്ടെത്തുന്നത്. ഭയചകിതരായ നാട്ടുകാര്‍ ഉടന്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയില്‍ ശനിയാഴ്ച ഒരു കുളത്തിന് സമീപത്തുനിന്നും ശരീരഭാഗങ്ങളും കണ്ടെത്തി.
പൊലീസ് പറയുന്നതനുസരിച്ച് ഇതേ പ്രദേശത്ത് വീട്ടുജോലി ചെയ്തുവരികയായിരുന്നു യുവതി. രണ്ട് വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ യുവതി ലസ്‌കറിനൊപ്പമായിരുന്നു ദിവസവും ജോലിക്ക് പോയിരുന്നത്. എന്നാല്‍ ലസ്കർ പ്രണയാഭ്യര്‍ഥന നടത്തിയതിനുശേഷം യുവതി ഇയാളെ ഒഴിവാക്കുകയും ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. പിന്നാലെ വ്യാഴാഴ്ച വൈകുന്നേരം യുവാവ് യുവതിയെ സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തല അറുത്ത് ശരീരം മൂന്ന് കഷണങ്ങളാക്കി മുറിച്ച് വിവിധ സ്ഥലങ്ങളിലായി ഉപേക്ഷിച്ചു.
പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് താൻ യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് യുവാവിനെ പിടികൂടിയത്.