ഇന്ത്യന്‍ റെയില്‍വെ എസി കോച്ചുകളില്‍ നല്‍കുന്ന കമ്പളിപുതപ്പിന്‍റെ വൃത്തിയെ പറ്റി യാത്രക്കാര്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും. ഈ ചോദ്യത്തിന് ഇത്തവണ റെയില്‍വെ തന്നെ മറുപടി നല്‍കി.
തലയണ കവറും വിരിയും ഓരോ യാത്രയിലും കഴുകാറുണ്ടെങ്കിലും കമ്പളിപുതപ്പ് റെയില്‍വെ അലക്കുന്നത് മാസത്തിലൊരിക്കലാണ്. അവസ്ഥ മോശമാണെങ്കില്‍ മാസത്തില്‍ രണ്ട് തവണ നനയ്ക്കും. വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനാണ് ഇന്ത്യന്‍ റെയില്‍വെ മറുപടി നല്‍കിയത്.
മാസത്തില്‍ രണ്ടു തവണ കമ്പിളി പുതപ്പുകള്‍ കഴുകണമെന്നാണ് റെയില്‍വെ നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍ സൗകര്യങ്ങള്‍ അനുസരിച്ച് മാസത്തില്‍ ഒരു തവണയെങ്കിലും കഴുകും എന്നാണ് റെയില്‍വെ വിവരാവകാശ മറുപടിയില്‍ പറയുന്നത്.
എസി യാത്രക്കാര്‍ക്ക് ലഭിക്കുന്ന കമ്പളി, തലയണ, വിരി എന്നിവ സൗജന്യമായല്ല. യാത്ര നിരക്കില്‍ ഈ സൗകര്യങ്ങള്‍ക്കുള്ള പണം കൂടി റെയില്‍വെ ഈടാക്കുന്നുണ്ട്. ഗരീബ്‍രഥ്, ദുരന്തോ തുടങ്ങിയ ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ഇവ പണം നല്‍കി തിരഞ്ഞെടുക്കാന്‍ ഓപ്ഷനുണ്ട്.
മാസത്തില്‍ രണ്ടു തവണ കഴുകാറുണ്ടെന്ന് ഒരു ഉറപ്പുമില്ലെന്നാണ് ദീര്‍ഘദൂര ട്രെയിനിലെ ഹൗസ് കീപ്പിങ് ജീവനക്കാര്‍ പറയുന്നത്. പുതപ്പില്‍ നിന്ന് നാറ്റമോ, വിയമര്‍പ്പോ, ഛര്‍ദിയോ കണ്ടാല്‍ മാത്രമാണ് കഴുകാന്‍ നല്‍കുന്നത്. യാത്രക്കാര്‍ പരാതി പറഞ്ഞാല്‍ വൃത്തിയുള്ള കമ്പിളി അനുവദിക്കാറുണ്ടെന്നും ജീവനക്കാര്‍ ദേശിയ മാധ്യമത്തോട് പറഞ്ഞു.
ഓരോ യാത്രയ്ക്ക് ശേഷവും ബെഡ് ഷീറ്റും തലയണ കവറുകളും അലക്കുകേന്ദ്രത്തിലേക്ക് മാറ്റുമെന്നും അടുത്ത യാത്രയ്ക്ക് മുന്‍പ് വൃത്തി ഉറപ്പാക്കാറുണ്ടെന്നും റെയില്‍വെ അറിയിച്ചു.
2017 ലെ സിഎജി റിപ്പോര്‍ട്ടില്‍ റെയില്‍വെയുടെ കമ്പിളിപുതപ്പുകളുടെ വൃത്തിയെ ചോദ്യം ചെയ്തിരുന്നു. ചില പുതപ്പുകള്‍ ആറു മാസമായി കഴുകിയട്ടെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. കഴുകല്‍ കുറവാണെങ്കിലും ഇന്ത്യന്‍ റെയില്‍വെയ്ക്ക് വലിയ അലക്കു സംവിധാനമുണ്ട്. റെയില്‍വെയുടെ 46 വകുപ്പ് തല കേന്ദ്രങ്ങളും ബിഒഒടി അടിസ്ഥാനത്തിലുള്ള 25 കേന്ദ്രങ്ങളിലുമാണ് റെയില്‍വെയ്ക്കുണ്ട്.