TOPICS COVERED

ജാര്‍ഖണ്ഡില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി ബിജെപി. രണ്ട് സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ചു. ആകെയുള്ള 81 സീറ്റില്‍ 68ലാണ് ബിജെപി മല്‍സരിക്കുന്നത്. അതിനിടെ, കോണ്‍ഗ്രസ് മുന്‍ വര്‍ക്കിങ് പ്രസിഡന്റ് മനാഷ് സിന്‍ഹ ബിജെപിയില്‍ ചേര്‍ന്നു.

ബര്‍ഹായിത്, തുണ്ടി സീറ്റുകളിലെ സസ്പെന്‍സ് അവസാനിപ്പിച്ചാണ് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ബര്‍ഹായിത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ നേരിടാന്‍ യുവനേതാവ് ഗമാലിയേല്‍ ഹെംബ്രോമിന് സീറ്റ് നല്‍കി. കഴിഞ്ഞതവണ AJSU സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ഗമാലിയേല്‍ ഹെംബ്രോം നാലാം സ്ഥാനമാണ് നേടിയത്. തുണ്ടി സീറ്റില്‍ വികാഷ് മാഹ്തോയാണ് ബിജെപി സ്ഥാനാര്‍ഥി. 

അതിനിടെ, ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് മുന്‍ വര്‍ക്കിങ് പ്രസിഡന്‍റ് മനാഷ് സിന്‍ഹ റാഞ്ചിയില്‍വച്ച് ബിജെപിയില്‍ ചേര്‍ന്നു. 27 വര്‍ഷമായി കോണ്‍ഗ്രസിലായിരുന്നുവെന്നും പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും മനാഷ് സിന്‍ഹ. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ മനാഷ് സിന്‍ഹയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കി. ഫണ്ട് കൊടുക്കുന്നവരെയും ഒരു കുടുംബത്തെ പ്രീതിപ്പെടുത്തുന്നവര്‍ക്കും മാത്രമെ കോണ്‍ഗ്രസില്‍ സ്ഥാനമുള്ളുവെന്ന് ഹിമന്തയുടെ വിമര്‍ശനം.

81 അംഗ സീറ്റിലേക്ക് രണ്ട് ഘട്ടമായി നവംബര്‍ 13നും നവംബര്‍ 20നുമാണ് വോട്ടെടുപ്പ്. 23നാണ് വോട്ടെണ്ണല്‍. ബിജെപി 68 സീറ്റില്‍ മല്‍സരിക്കുകയും ബാക്കി 13 സീറ്റുകള്‍ സഖ്യകക്ഷികളായ AJSUവിനും ജെഡിയുവിനും എല്‍ജെപിക്കുമായി വിട്ടുകൊടുക്കുകയുമാണ് ചെയ്തത്.

ENGLISH SUMMARY:

BJP completes announcement of candidates in Jharkhand