TOPICS COVERED

കേന്ദ്ര സർക്കാർ ജാതി സെൻസസ് നടത്തില്ലെന്ന് റിപ്പോർട്ട്. മതത്തിന്‍റെ ഉപവിഭാഗങ്ങള്‍ക്കുള്ള കോളം ഉള്‍പ്പെടുത്തിയേക്കും. സെൻസസ് വിവരശേഖരണം അടുത്തവർഷം പൂർത്തിയാക്കി 2026 ൽ ഡാറ്റ പുറത്ത് വിടും. ഭരണഘടന അനുശാസിക്കുന്ന ജാതി സെൻസസ് നടത്തുമോ എന്നും സെൻസസ് വിവരങ്ങൾ മണ്ഡല പുനർനിർണയത്തിന് ഉപയോഗിക്കുമോ എന്നും കോൺഗ്രസ് ചോദിച്ചു.

2021ൽ കോവിഡിനെ തുടർന്ന് മാറ്റിവെച്ച സെൻസസാണ്  അടുത്തവർഷം നടത്താൻ ഒരുങ്ങുന്നത്. വിവര ശേഖരണത്തിനുള്ള ഫോമിൽ മതത്തിന്‍റെ ഉപവിഭാഗം രേഖപ്പെടുത്താൻ കോളം ഉണ്ടാകും. എന്നാല്‍ ജാതി വിവരങ്ങൾ പ്രത്യേകം ശേഖരിക്കില്ല.   സമഗ്ര വികസനം സാധ്യമാകാന്‍ ജാതി സെൻസസ് അനിവാര്യമാണെന്ന് പ്രതിപക്ഷവും ഭരണകക്ഷിയായ JDUവും പറയുമ്പോഴും  ജാതി രേഖപ്പെടുത്തേണ്ടതില്ല എന്ന നിലപാടിലുറച്ചു നിൽക്കുകയാണ് കേന്ദ്രം.  

2026 ൽ സെൻസസ് ഡാറ്റ പുറത്തുവിട്ടാൽ ഉടൻ മണ്ഡല പുനർനിർണയം നടത്തും. തുടര്‍ന്ന് നിയമനിര്‍മാണ സഭകളിലെ വനിതാസംവരണം നടപ്പാക്കും.  ഭരണഘടന അനുശാസിക്കുന്ന ജാതി സെൻസസ് നടത്തുമോ? സെൻസസ് വിവരങ്ങൾ മണ്ഡല പുനർനിർണയത്തിന് ഉപയോഗിക്കുമോ?  അത്തരം നീക്കം ജനസംഖ്യ നിയന്ത്രണത്തിൽ മുൻനിരക്കാരായ സംസ്ഥാനങ്ങൾക്ക്  ദോഷകരമാകുമോ? തുടങ്ങിയ ചോദ്യങ്ങളുയര്‍ത്തുകയാണ് കോൺഗ്രസ്. ഉടന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

2011 ലാണ് അവസാനമായി സെൻസസ് നടന്നത് . 121.1 കോടിയായിരുന്നു രാജ്യത്ത് അന്നത്തെ ജനസംഖ്യ. 2025ലെ സെന്‍സസ്   വിവരശേഖരണത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. രജിസ്ട്രാർ ജനറലിൻറെയും സെൻസസ് കമ്മീഷണറുടെയും കാലാവധി നീട്ടി നൽകിയിരുന്നു. 

ENGLISH SUMMARY:

Central government will not conduct caste census, reports say