TOPICS COVERED

പതിനെട്ട് ദിവസത്തിനിടെ ജമ്മു കശ്മീരില്‍ അഞ്ചാമത്തെ ഭീകരാക്രമണം. ജമ്മുവിലെ അഖ്നൂരില്‍ കരസേനയുടെ ആംബുലന്‍സിനുനേരെ ഭീകരര്‍ വെടിയുതിര്‍ത്തു. സൈന്യത്തിന്‍റെ  തിരിച്ചടിയില്‍ മൂന്ന് ഭീകരരെ വധിച്ചു. 

സുന്ദര്‍ബനി സെക്ടറിലെ അസനില്‍ രാവിലെ ഏഴുമണിയോടെ കരസേനയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്. 20 റൗണ്ട് വെടിയുതിര്‍ത്തു. 12ലേറെ ബുള്ളറ്റുകള്‍ സേനാ ആംബുലന്‍സില്‍ പതിച്ചു. ഇന്നലെ രാത്രി പാക് അതിര്‍ത്തിയില്‍നിന്ന് നുഴഞ്ഞുകയറിയ ഭീകരരാണ് ആക്രമണം നടത്തിയത്. സമീപത്തെ ക്ഷേത്രപരിസരത്ത് ഒളിച്ചിരുന്ന ഭീകരര്‍ കരസേനയുടെ വാഹനവ്യൂഹം കടന്നുവന്നതും,, വെടിയുതിര്‍ക്കുകയായിരുന്നു.

ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് ജമ്മു മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ കരസേനയും ജമ്മു കശ്മീര്‍ പൊലീസും വ്യാപകമായ തിരച്ചില്‍ തുടരുകയാണ്. 18 ദിവസത്തിനിടെ ജമ്മു കശ്മീരിലുണ്ടാകുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. വിവിധ ആക്രമണങ്ങളിലായി സുരക്ഷാസേനാംഗങ്ങള്‍ക്കടക്കം 13 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

ENGLISH SUMMARY:

Fifth terror attack in Jammu and Kashmir in 18 days