ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ജമ്മുവിലെ അഖ്നൂരില്‍ കരസേനയുടെ ആംബുലന്‍സിനുനേരെ ഭീകരര്‍ വെടിയുതിര്‍ത്തു. മൂന്ന് ഭീകരരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. 20 റൗണ്ട് വെടിയുതിര്‍ത്തു. 12 ബുള്ളറ്റുകള്‍ ആംബുലന്‍സില്‍ പതിച്ചു. സമീപത്തെ ഒരു ക്ഷേത്രത്തിന് സമീപം വലിയ തോതില്‍ ആയുധങ്ങളുമായി ഭീകരര്‍ പോകുന്നത് കണ്ടെന്ന് നാട്ടുകാര്‍ സുരക്ഷാസേനയെ അറിയിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് ഭീകരര്‍ പാക് അതിര്‍ത്തി വഴി നുഴഞ്ഞുകയറിയെത്തിയത്. സൈന്യത്തിന്‍റെ തിരച്ചിലില്‍ ഭീകരരുമായി ഏറ്റുമുട്ടലുമുണ്ടായി. ഒരുഭീകരനെ വധിച്ചെന്നാണ് വിവരം. പ്രദേശത്ത് രൂക്ഷമായ ഏറ്റുമുട്ടല്‍ പുരോഗമിക്കുകയാണ്. 18 ദിവസത്തിനിടെ ജമ്മു കശ്മീരിലുണ്ടാകുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. സുരക്ഷാസേനാംഗങ്ങള്‍ക്കടക്കം 13 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.