മുംബൈയില്‍ ദീപാവലി ആഘോഷമാക്കി സ്‍പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ഭാര്യ ബെഗോന ഗോമസും. ഗുജറാത്തിലെ വഡോദരയിലെ ടാറ്റ എയര്‍ക്രാഫ്റ്റ് സമുച്ചയത്തിന്‍റെ ഉദ്ഘാടനത്തിന് ശേഷമാണ് ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇരുവരും മുംബൈയില്‍ എത്തിയത്. പൂത്തിരി കത്തിച്ചും ലഡു അടക്കമുള്ള മധുര പലഹാരങ്ങള്‍ പങ്കുവച്ചും ഇവര്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി.
ആഘോഷങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നു. രാജ്യത്ത് സൈനിക വിമാനങ്ങള്‍ നിര്‍മിക്കുന്ന സ്വകാര്യ മേഖലയിലെ ആദ്യ ഫൈനല്‍ അസംബ്ലി ലൈന്‍ ആയ ടാറ്റ എയര്‍ക്രാഫ്റ്റ് സമുച്ചയത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്‍പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേര്‍ന്ന് കഴിഞ്ഞദിവസം നിര്‍വഹിച്ചിരുന്നു. സി–295 വിമാനങ്ങളുടെ നിര്‍മാണത്തിനായി സ്പാനിഷ് എയര്‍ ബസുമായി 21,935 കോടിയുടെ കരാറിലാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ഏര്‍പ്പെട്ടിട്ടുള്ളത്.
ഇരു നേതാക്കളും റോഷ് ഷോ നടത്തിയാണ് വഡോദരയിലെ ടാറ്റാ ക്യാംപസിന്‍റെ വേദിയിലേക്ക് എത്തിയത്. തുടര്‍ന്ന് വഡോദരയിലെ ലക്ഷ്മി വിലാസ് കൊട്ടാരത്തില്‍ നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. 2026 ഇന്ത്യാ–സ്പെയിന്‍ സാംസ്കാരിക, വിനോദസഞ്ചാര, എ.ഐ സാങ്കേതിക വിദ്യാ വര്‍ഷമായി പ്രഖ്യാപിച്ചു. സ്പാനിഷ് കോണ്‍സുലേറ്റ് ബെംഗളൂരുവില്‍ തുടങ്ങാന്‍ തീരുമാനമായി. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം പെഡ്രോ സാഞ്ചസും ഭാര്യയും നാളെ മടങ്ങും