മഥുരയും കാശിയും അയോധ്യപോലെയാകണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശ്രീരാമക്ഷേത്രം ദര്‍ശനത്തിന് തുറന്നുകൊടുത്തശേഷമുള്ള അയോധ്യയിലെ ആദ്യ ദീപാവലി ആഘോഷങ്ങള്‍ക്ക് മുഖ്യമന്ത്രി നേതൃത്വം നല്‍കി. സരയൂ തീരത്ത് 28 ലക്ഷം ചിരാതുകള്‍ തെളിയിച്ച് ലോക റെക്കോര്‍ഡിട്ട് ദീപോല്‍സവവും സംഘടിപ്പിച്ചു.
ദീപാവലി തലേന്ന് രാഷ്ട്രീയം പറഞ്ഞാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ ദീപോല്‍സവം ഉദ്ഘാടനം ചെയ്തത്. മഥുര ശ്രീകൃഷ്ണ ജന്മഭൂമിയിലും കാശി ഗ്യാന്‍വാപിയിലും തര്‍ക്കം നിലനിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മഥുരയും കാശിയും പറഞ്ഞുള്ള യോഗി ആദിത്യനാഥിന്‍റെ ദീപാവലി സന്ദേശം. ശ്രീരാമ അവതാരത്തെ ചോദ്യംചെയ്ത ആളുകള്‍ ഉണ്ടായിരുന്നുവെന്നും ശ്രീരാമ ഭക്തര്‍ക്കുനേരെ അവര്‍ നിറയൊഴിച്ചെന്നും യുപി മുഖ്യമന്ത്രി.
പ്രാണപ്രതിഷ്ഠയ്ക്കുശേഷമുള്ള ആദ്യ ദീപാവലി ചരിത്രമാക്കി ആഘോഷിക്കുകയാണ് അയോധ്യ. സരയൂ തീരത്ത് തെളിയിച്ചത് 28 ലക്ഷം ചിരാതുകള്‍. സരയൂ ആരതിയില്‍ ഒരേസമയം ആയിരങ്ങള്‍ പങ്കെടുത്തു. രാംലല്ല, നൃത്താവിഷ്കാരങ്ങള്‍, ഡ്രോണ്‍ – മള്‍ട്ടി മീഡിയ ഷോ എന്നിവയും ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി. ക്ഷേത്രനഗരിയിലെ വീടുകളും കെട്ടിടങ്ങളും ദീപപ്രഭയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുകയാണ്. കേന്ദ്ര സാംസ്കാരികമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും ആഘോഷച്ചടങ്ങുകളില്‍ പങ്കെടുത്തു.