യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് മുന്‍മന്ത്രിയും ഭരണകക്ഷി നേതാവുമായ നവാബ് മാലിക്. യോഗിയുടെ മഹാരാഷ്ട്രയിലെ വര്‍ഗീയ പ്രചാരണം അസംബന്ധമാണ്. താന്‍ ബിജെപി സഖ്യത്തിന്‍റ അല്ല എന്‍സിപിയുടെ സ്ഥാനാര്‍ഥിയാണെന്നും അജിത് പവാര്‍ ഇക്കുറി കിംങ് മേക്കറാകുമെന്നും നവാബ് മാലിക് മനോരമ ന്യൂസിനോട് പറഞ്ഞു.
ഭരണകക്ഷിയിലെ ഒരു നേതാവും പറയാത്ത കടുത്ത വിമര്‍ശനമാണ് നവാബ് മാലിക്ക് ബിജെപിക്ക് നേരെ തൊടുക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന യോഗി ആദിത്യനാഥിന്‍റെ മഹാരാഷ്ട്രയിലെ പ്രചാരണം അസംബന്ധമെന്ന് മാലിക് തുറന്നടിച്ചു.
താന്‍ ബിജെപി സഖ്യമായ മഹായുതിയുടെ അല്ല എന്‍സിപിയുടെ സ്ഥാനാര്‍ഥിയാണ്. ദാവൂദ് ഇബ്രാഹിമുമായി തനിക്ക് ഒരു ബന്ധവുമില്ല. ഭീകരബന്ധം തന്നില്‍ ബോധപൂര്‍വം അടിച്ചേല്‍പ്പിക്കുന്നു. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ ബിജെപിയുമായി നാടകം കളിക്കേണ്ട ആവശ്യമില്ല. തിരഞ്ഞെടുപ്പിന് ശേഷം അജിത് പവാര്‍ കിങ് മേക്കറാകുമെന്നും മുന്നണി സമവാക്യത്തില്‍ മാറ്റം വന്നേക്കാമെന്നും മാലിക്.
സിറ്റിങ് എംഎല്‍എയും സമാജ് വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ അബു അസ്മി ആണ് മാലിക്കിന്‍റെ പ്രധാന എതിരാളി. ബിജെപി സഖ്യം ഔദ്യോഗികമായി നിര്‍ത്തിയ ശിവസേനയിലെ സുരേഷ് പാട്ടീലും ഒപ്പം എ.ഐ.എം.ഐഎം സ്ഥാനാര്‍ഥിയും രംഗത്തുണ്ട്. മുംബൈയിലെ മാന്‍കുര്‍ദ്–ശിവാജിനഗര്‍ മണ്ഡലം മുസ്‍ലിം ഭൂരിപക്ഷ മേഖലകൂടിയാണ്.വോട്ടുകള്‍ ഭിന്നിച്ചാല്‍ ഫലം പ്രവചനാതീതമാകും.