വിമാനത്തിന്‍റെ പ്രൊപ്പല്ലറില്‍ തട്ടി ഫൊട്ടോഗ്രാഫറായ 37കാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ കൻസാസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വിമാനത്തില്‍ കയറുന്നവരുടെയും ഇറങ്ങുന്നവരുടെയും ഫൊട്ടോ എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. യുഎസ് പ്രൊഫഷണല്‍ ഫൊട്ടോഗ്രാഫറാണ് മരിച്ച അമാൻഡ ഗല്ലഗെർ.
സ്കൈ ഡൈവിംഗ് കമ്പനിയായ എയർ ക്യാപിറ്റൽ ഡ്രോപ്പ് സോണിനായി ഫോട്ടോകൾ എടുക്കാൻ എത്തിയതായിരുന്നു അമാൻഡ. ഫോട്ടോ എടുക്കുന്നതിനിടയില്‍ പിന്നിലേക്ക് നടക്കുമ്പോഴാണ് വിമാനത്തിന്‍റെ പ്രൊപ്പല്ലറില്‍ തട്ടി അമാന്‍ഡയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. ഉടന്‍ തന്നെ അമാന്‍ഡയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. വിമാനം ലാന്‍ഡ് ചെയ്തശേഷം സ്കൈ ഡൈവിങിനായുളള സംഘം കയറുന്നതിനിടെയാണ് അപകടമുണ്ടായത്.
അതേസമയം അമാൻഡ പ്രൊപ്പല്ലറിന് സമീപത്തേക്ക് നീങ്ങിയത് സുരക്ഷാ നടപടി ക്രമങ്ങൾ ലംഘിച്ചാണെന്ന് സ്കൈ ഡൈവിംഗ് കമ്പനി അറിയിച്ചു. സംഭവത്തെക്കുറിച്ച് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡുമായി ചേർന്ന് അന്വേഷണം നടത്തുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. അമാന്‍ഡുടെ സംസ്കാരച്ചടങ്ങുകള്‍ക്കായി ഗോ ഫണ്ട് മീ ക്യാംപെയിനിലൂടെ 12 ലക്ഷം രൂപ ഇതിനകം സമാഹരിച്ചു. അമാന്‍ഡയുടെ സംസ്കാരച്ചെലവുകള്‍ വഹിക്കുന്നതിനായി ഈ തുക കുടുംബത്തിന് കൈമാറും.