ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ പ്രായത്തെ ചൊല്ലി വിവാദം കനക്കുന്നു. നാമനിര്‍ദേശ പത്രികയിലെ കണക്കുപ്രകാരം 2019 നെ അപേക്ഷിച്ച് ഇത്തവണ ഏഴുവയസ് കൂടിയെന്നാണ് ബി.ജെ.പി ആരോപണം. ഇക്കാര്യമുന്നയിച്ച് തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതിയും നല്‍കി. ശ്രദ്ധ തിരിക്കാനാണ് ആരോപണമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു.
2019 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ ഹേമന്ത് സോറന്‍റെ പ്രായം 42 വയസാണ്. ഇത്തവണ അത് 49 ആയി. അഞ്ചുവര്‍ഷം കൊണ്ട് എങ്ങനെ ഏഴുവയസ് കൂടിയെന്നാണ് ബി.ജെ.പി ഉയര്‍ത്തുന്ന ചോദ്യം.
തെറ്റായ വിവരം സത്യവാങ്മൂലത്തില്‍ നല്‍കിയ സോറന്‍റെ പത്രിക തള്ളണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ബി.ജെ.പി നേതാവ് പ്രതുല്‍ സഹ്ദേവ് ആവശ്യപ്പെട്ടു. സ്വത്ത് വിവരങ്ങളിലും തെറ്റുകളുണ്ട്. 2019 ല്‍ 10 ലക്ഷം രൂപ വിലകാണിച്ച ഭൂമിക്ക് ഇത്തവണ നാല് ലക്ഷമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും പ്രതുല്‍ പറഞ്ഞു. ജെ.എം.എം. അടിമുടി വ്യാജമെന്ന് ബി.ജെ.പി ജാര്‍ഖണ്ഡ് കോ ഇന്‍ചാര്‍ജും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിസ്വ ശര്‍മ
യഥാര്‍ഥ പ്രശ്നങ്ങളില്‍ ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി പ്രായം വിവാദമാക്കുന്നതെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. അതേസമയം ഹേമന്ത് സോറന്‍ ഇതുവരെ വിവാദത്തില്‍ പ്രതികരിച്ചില്ല.