ഗംഗ ശുചീകരണ സന്ദേശമുയർത്തി ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ പ്രൗഡഗംഭീരമായ ഗംഗോത്സവം. ഗംഗയും രാജ്യത്തെ എല്ലാ നദികളും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് ഉദ്ഘാടന ശേഷം ജലശക്തി മന്ത്രി സി.ആര്‍ പട്ടീൽ പറഞ്ഞു. നദീസംരക്ഷണ സന്ദേശമുയർത്തിയുള്ള ബിഎസ്എഫ് വനിതാ അംഗങ്ങളുടെ റിവർ റാഫ്റ്റിങ് ക്യാമ്പയിനും തുടക്കമായി.
ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചതിന്റെ എട്ടാം വാർഷികത്തിലാണ് ഹരിദ്വാറിലെ ഛണ്ഡി ഘാട്ടിൽ വിപുലമായ ആഘോഷം സംഘടിപ്പിച്ചത്. ഗംഗാ ശുചീകരണത്തിന്‍റെയും നദി സംരക്ഷണത്തിന്‍റെയും സന്ദേശം നൽകുന്നതിനായാണ്
കേന്ദ്ര ജലശക്തിമന്ത്രാലയം ഗംഗാനതീരത്ത് ആദ്യമായി ഇത്തരമൊരു ആഘോഷം ഒരുക്കിയത്.
മലിനീകരണത്തെതുടർന്ന് അപൂർവമായ മഹ്സീർ മത്സ്യങ്ങളെ കേന്ദ്രമന്ത്രി നദിയിൽ തുറന്നു വിട്ടു. ഗംഗ ശുചീകരണം തുടർച്ചയും സ്ഥിരതയും ആവശ്യമുള്ളത് ആണെന്ന് ദേശീയ ഗംഗാ ശുചീകരണ മിഷൻ ഡിജി രാജീവ് കെ. മിത്തൽ പറഞ്ഞു. നദീ സംരക്ഷണ ബോധവൽക്കരണവും വനിത ശാക്തീകരണവുമുയർത്തി ബിഎസ്എഫ് വനിതാ അംഗങ്ങൾ ചണ്ഡി ഘാട്ടിൽ നിന്ന് ഗംഗാസാഗറിലേക്ക് ആരംഭിച്ച റാഫ്റ്റിംഗ് യാത്ര ശ്രദ്ധേയമായി.