ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ പെരുമഴയില്‍ വാഹനങ്ങള്‍ ഒലിച്ചു പോയി. ശനിയാഴ്ച ഉച്ചയോടെ പെയ്ത മഴയില്‍ സുഖി നദി കരകവിഞ്ഞതോടെയാണ് റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയത്. ഹരിദ്വാറിന് അല്‍പം മാത്രമകലെ വച്ചാണ് സുഖി നദി ഗംഗയില്‍ ചേരുന്നത്. താരതമ്യേന ജലനിരപ്പ് കുറവായതിനാല്‍ ഹരിദ്വാറിലെത്തുന്നവര്‍ നദീതീരത്ത് വാഹനം പാര്‍ക്ക് ചെയ്യുക പതിവാണ്. ഇങ്ങനെ നിര്‍ത്തിയിട്ട കാറുകളാണ് ഒലിച്ചു പോയത്. അപ്രതീക്ഷിതമായുണ്ടായ പ്രളയസമാന സാഹചര്യം കണ്ട് ജനങ്ങള്‍ നദിക്ക് കുറുകെയുള്ള പാലങ്ങളില്‍ തടിച്ചുകൂടി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
അപകടസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നദിയില്‍ ഇറങ്ങി കുളിക്കുന്നതും കളിക്കുന്നതിനും അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. ഇതുവരെ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും എന്നാല്‍ ജാഗ്രത വേണമെന്നും ഉത്തരാഖണ്ഡ പൊലീസ് സമൂഹമാധ്യമമായ എക്സില്‍ (ട്വിറ്റര്‍) പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കി.
ഹരിദ്വാറില്‍ പെയ്ത പെരുമഴയെ തുടര്‍ന്ന് ഗംഗാനദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. വാഹനങ്ങള്‍ നദീതീരത്ത് നിര്‍ത്തിയിടാതെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു. ചൊവ്വാഴ്ച വരെ ഹരിദ്വാറില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ പ്രവചനം. ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയോടെയാണ് ഉത്തരാഖണ്ഡില്‍ മണ്‍സൂണ്‍ എത്തിയത്. ബംഗാള്‍ ഉള്‍ക്കടലിന്‍റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴ ശക്തമാകാന്‍ കാരണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.