കാനഡയിലെ ഹിന്ദു ക്ഷേത്രത്തിനെതിരായ ആക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി. നയതന്ത്ര ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നതിലും നരേന്ദ്രമോദിയുടെ താക്കീത്.കനേഡിയന്‍ സര്‍ക്കാര്‍ നീതി ഉറപ്പാക്കുമെന്നും നിയമവാഴ്ച ഉയര്‍ത്തിപിടിക്കുമെന്നു പ്രതീക്ഷിക്കുന്നെന്നും മോദി പറഞ്ഞു. 

Read Also: കാനഡയിലെ ഹിന്ദുക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ ആക്രമണം; അപലപിച്ച് ട്രൂഡോ

കാനഡയിലെ ഹിന്ദു ക്ഷേത്രത്തില്‍ ഖലിസ്ഥാനികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു . പ്രാര്‍ഥനയ്ക്കെത്തിയവരെ ഒരുസംഘം മര്‍ദിക്കുകയായിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം  ശക്തമായ പ്രതിഷേധം അറിയിച്ചു. ആരാധനാലയങ്ങളില്‍ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. അക്രമം അംഗീകരിക്കാനാവില്ലെന്ന്  കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോപ്രതികരിച്ചു 

ബ്രാംപ്ടണിലെ ഹിന്ദു സഭ ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്ക് എത്തിയവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഖലിസ്ഥാന്‍ പതാകയുമേന്തി വന്നവര്‍ ക്ഷേത്രപരിസരത്തേക്ക് അതിക്രമിച്ചു കയറി കണ്ണില്‍ക്കണ്ടവരെയെല്ലാം മര്‍ദിക്കുകയായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം മര്‍ദനമേറ്റു. ഇന്ത്യന്‍ കോണ്‍സുലാര്‍ ക്യാംപും ക്ഷേത്രപരിസരത്ത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ആക്രമണത്തില്‍ കടുത്ത ആശങ്ക അറിയിച്ച ഇന്ത്യന്‍ ഹൈക്കമിഷന്‍  രംഗത്തെത്തി. സുരക്ഷ ഒരുക്കിയില്ലെങ്കില്‍ ക്ഷേത്ര പരിസരത്തെ ക്യാംപ് നിര്‍ത്തലാക്കുമെന്നും മുന്നറിയിപ്പ് നല്‍കി. സ്വതന്ത്രവും സുരക്ഷിതവുമായി മതാചാരങ്ങള്‍ നടത്താന്‍ ഉള്ള അവകാശം ഉറപ്പുനല്‍കുന്നുവെന്നും ക്ഷേത്ര പരിസരത്തെ അക്രമം അംഗീകരിക്കാനാവാത്തതാണെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. 

അക്രമത്തെ അപലപിച്ച പ്രതിപക്ഷ നേതാവ് ജനങ്ങളെ ഒരുമിപ്പിക്കുമെന്നും സംഘര്‍ഷം അവസാനിപ്പിക്കുമെന്നും ഉറപ്പുനല്‍കി. തീവ്രവാദികള്‍ കനേഡിയന്‍ രാഷ്ട്രീയത്തില്‍ നുഴഞ്ഞുകയറിയതിന് തെളിവാണ് ആക്രമണമെന്ന് ഇന്ത്യന്‍ വംശജനും ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി എം.പിയുമായ ചന്ദ്ര ആര്യ കുറ്റപ്പെടുത്തി. തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രമായി കാനഡ മാറിയെന്ന് ടൊറന്‍റോ എം.പി കെവിന്‍ വോങ്ങും പറഞ്ഞു. 

ENGLISH SUMMARY:

"Strongly Condemn Deliberate Attack On Hindu Temple In Canada": PM Modi