water-metro

കൊച്ചിയെ മാതൃകയാക്കി കാര്‍ണാടകയുടെ തീരദേശ നഗരമായ മംഗലാപുരത്തും ഇനി വാട്ടര്‍ മെട്രോ. പദ്ധതിക്കുള്ള പ്രോജറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍  കാര്‍ണാടക മാരിടൈം ബോര്‍ഡിന് നിര്‍ദേശം ലഭിച്ചു. പുതിയ പദ്ധതിയിലൂടെ ദേശിയ ജലപാതയ്ക്ക് സമാന്തരമായി മംഗലാപുരത്തിന്‍റെ ഒറ്റപ്പെട്ടയിടങ്ങളെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.  നേത്രാവതി (NW-74), ഗുരുപുര (NW-43) നദികളിലെ ദേശിയ ജലപാതകളിലൂടെ ബജല്‍ മുതല്‍ മറവൂര്‍ വരെയാണ് വാട്ടര്‍ മെട്രോ. 

ആദ്യ ഘട്ടത്തില്‍ നേത്രാവതി, ഗുരുപുര നദികളിലൂടെ 30 കിലോ മീറ്റര്‍ മെട്രോ സര്‍വീസ് തുടങ്ങാനാണ്  തീരുമാനം.  ബജലിനും മറവൂരിനുമിടയില്‍ 17 മെട്രോ ജെട്ടികളുണ്ടാകും.  കൊച്ചിക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ വാട്ടര്‍ മെട്രോ പദ്ധതിയാകും ഇത്. ഇലക്ട്രിക്  ഡീസല്‍ ബോട്ടുകള്‍  സര്‍വീസിന് ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശീതീകരിച്ചതും അല്ലാത്തതുമായ  ബോട്ടുകളുണ്ടാകും.

Also Read; എല്ലാ സ്വകാര്യഭൂമിയും സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല; ചരിത്രവിധിയുമായി സുപ്രീംകോടതി

അടിസ്ഥാന സൗകര്യ വികസനം, പാരിസ്ഥിതിക പഠനം, സാമ്പത്തിക പഠനം എന്നിവക്കായി കര്‍ണാടക മാരിടൈം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു. യാത്രക്കൊപ്പം റോ റോ മാതൃകയില്‍ ചരക്ക് നീക്കം സാധ്യമാകുമൊയെന്നും പരിശോധിക്കുന്നുണ്ട്. സാങ്കേതിക പഠനത്തിന് ലിഡാര്‍ (Light Detection and Ranging) സര്‍വേ നടത്തും. ഇതിലൂടെയാണ്  മെട്രോ ജെട്ടികളുടെ  സ്ഥാനം നിര്‍ണയിക്കുക. 5 കിലോ മീറ്ററാകും ബഫര്‍ സോണ്‍. ഫീഡര്‍ ബസുകള്‍ ഉള്‍പ്പെടുത്തി അടുത്ത 25 വര്‍ഷത്തിലേക്കുള്ള സമഗ്ര കണക്റ്റിവിറ്റിയാണ് ലക്ഷ്യം.

2024–25 ബജറ്റില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാട്ടര്‍ മെട്രോ ഫീസബിളിറ്റി റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലയാണ് മാരിടൈം ബോര്‍‌ഡിന് നിര്‍ദേശം ലഭിക്കുന്നത്. കൊച്ചി വാട്ടര്‍ മെട്രോയെ മാതൃകയാക്കിയാണ് പദ്ധതി നടപ്പാക്കുക.

Also Read; പ്രതിയെ പിന്തുടരുന്നതിനിടെ കാറിടിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു

ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ മെട്രോ സര്‍വീസ് കൊച്ചിയില്‍ 2023ലാണ്  ഉദ്ഘാടനം ചെയ്തത്. 76 കിലോ മീറ്ററില്‍ 38 ടെര്‍മിനലുകളാണ് കൊച്ചിയില്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ 8 ടെര്‍മിനലുകളാണ്  പൂര്‍ത്തിയാക്കിയത്.  

ENGLISH SUMMARY:

The Karnataka Maritime Board has decided to prepare a DPR for the 30-km priority section of the Mangaluru Water Metro Project, taking a leaf out of the Kochi model in neighbouring Kerala.