ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി. ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റേത് എന്നവകാശപ്പെടുന്ന ഭീഷണി സന്ദേശമാണ് ഇന്നലെ രാത്രി മുംബൈ പോലീസിന് ലഭിച്ചത്. ജീവനോടെയിരിക്കണമെങ്കില്‍ ഒന്നുകില്‍ ക്ഷേത്രത്തിലെത്തി മാപ്പ് പറയണം അല്ലെങ്കില്‍ അഞ്ചുകോടിരൂപ നല്‍കണം എന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഒരാഴ്ചയ്ക്കിടെ സൽമാൻ ഖാന് ലഭിക്കുന്ന രണ്ടാമത്തെ വധഭീഷണിയാണിത്.
മുംബൈ പോലീസ് ട്രാഫിക് കൺട്രോൾ റൂമിന്‍റെ വാട്‌സ് ആപ്പിലാണ് ഇന്നലെ രാത്രി ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ ഭീഷണി സന്ദേശം ലഭിക്കുന്നത്. 'ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനാണ് സംസാരിക്കുന്നത്. ജീവനോടെ ഇരിക്കാന്‍ സല്‍മാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പ് പറയണം. അല്ലെങ്കില്‍ അഞ്ചുകോടി രൂപ നല്‍കണം.ഇല്ലെങ്കില്‍ ഞങ്ങള്‍ അയാളെ കൊലപ്പെടുത്തും. ഞങ്ങളുടെ സംഘം ഇപ്പോഴും സജീവമാണ്’, ട്രാഫിക് കൺട്രോൾ റൂമില്‍ ലഭിച്ച സന്ദേശത്തിൽ പറയുന്നു. സന്ദേശത്തെ കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഒക്ടോബർ 30ന് 2 കോടി രൂപ ആവശ്യപ്പെട്ട് സല്‍മാന്‍ഖാനെതിരെ സമാനമായ വധഭീഷണി ലഭിച്ചിരുന്നു. മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്കാണ് ഈ ഭീഷണി സന്ദേശവുമെത്തിയത്. സംഭവത്തില്‍ ബാന്ദ്ര ഈസ്റ്റ് സ്വദേശിയായ അസം മുഹമ്മദ് മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ, സൽമാൻ ഖാനെയും ബാന്ദ്ര ഈസ്റ്റ് എംഎൽഎ സീഷാൻ സിദ്ദിഖിനെയും ഭീഷണിപ്പെടുത്തിയതിന് നോയിഡയിൽ നിന്നുള്ള 20 കാരനായ ടാറ്റൂ ആർട്ടിസ്റ്റ് ഗുഫ്രാൻ ഖാനും അറസ്റ്റിലായിരുന്നു.
‘ഹം സാത്ത് സാത്ത് ഹേ’ എന്ന ബോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ രാജസ്ഥാനിൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് സൽമാൻ ഖാന് ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് ഒട്ടേറെ തവണ വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. ഏപ്രിലിൽ നടന്‍റെ ബാന്ദ്രയിലെ വീടിന് പുറത്ത് സംഘത്തിലെ അംഗങ്ങൾ എന്ന് സംശയിക്കുന്നവർ വെടിയുതിർത്തിരുന്നു. വധഭീഷണിയെ തുടർന്ന് താരത്തിന്‍റെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു.