• ഫോണ്‍ മോഷ്ടിച്ച് മറ്റാരോ വിളിച്ചതെന്ന് പ്രതി ഫൈസാന്‍ ഖാന്‍
  • പ്രതി ഷാരുഖിനെതിരെ മുന്‍പും പരാതി നല്‍കിയിട്ടുള്ളയാള്‍

ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാനെ കൊല്ലുമെന്ന് ഫോണില്‍ ഭീഷണിപ്പെടുത്തിയ ആളെ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്പുര്‍ സ്വദേശിയായ അഭിഭാഷകന്‍ ഫൈസാന്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്‍റെ ഫോണ്‍ മോഷണം പോയെന്നും മറ്റാരോ വിളിച്ചതാകാമെന്നുമാണ് ഫൈസാന്‍ ഖാന്‍റെ നിലപാട്. ഫോണ്‍ നമ്പറിന്‍റെ ഉടമയെ കണ്ടെത്തിയപ്പോള്‍ത്തന്നെ മുംബൈ പൊലീസ് ഫൈസാന്‍ ഖാനോട് ചോദ്യംചെയ്യലിനെത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ പോയില്ല. തുടര്‍ന്നാണ് ഛത്തീസ്ഗഡ് പൊലീസിന്‍റെ സഹായത്തോടെ ഫൈസാനെ അറസ്റ്റ് ചെയ്തത്. ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി പ്രതിയെ മുംബൈ കോടതിയില്‍ ഹാജരാക്കും.

ചൊവ്വാഴ്ചയാണ് ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ ഷാരുഖ് ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോള്‍ വന്നത്. ‘ഹിന്ദുസ്ഥാനി’ എന്ന് പരിചയപ്പെടുത്തിയ ആളാണ് സംസാരിച്ചത്. താന്‍ ബാന്ദ്രയില്‍ ഷാരുഖിന്റെ വസതിയായ ‘മന്നത്തി’ന് മുന്നില്‍ നില്‍ക്കുകയാണെന്നും 50 ലക്ഷം രൂപ കൈമാറിയില്ലെങ്കില്‍ താരത്തെ കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. ഉടന്‍ പൊലീസ് ഷാരുഖിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഛത്തീസ്ഗഡില്‍ റജിസ്റ്റര്‍ ചെയ്ത നമ്പറില്‍ നിന്നാണ് കോള്‍ വന്നതെന്ന് കണ്ടെത്തിയത്.

തന്നെ കുടുക്കാന്‍ ഫോണ്‍ മോഷ്ടിച്ച് മറ്റാരോ വിളിച്ചതാണെന്നാണ് ഫൈസാന്‍ ഖാന്‍ പൊലീസിനോട് പറയുന്നത്. ഫോണ്‍ പോയതിന് റായ്പുര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും 42–കാരനായ അഭിഭാഷകന്‍ പറഞ്ഞു. ഷാരുഖിന്‍റെ പിറന്നാള്‍ ദിവസമായ നവംബര്‍ രണ്ടിനാണ് ഫോണ്‍ മോഷണം പോയതെന്നാണ് പരാതി. തുടരന്വേഷണത്തില്‍ ഫൈസാന്‍ ഖാന്‍ മുന്‍പ് ഷാരുഖിനെതിരെ മുംബൈ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് കണ്ടെത്തി. 1994ല്‍ പുറത്തിറങ്ങിയ ‘അന്‍ജാം’ എന്ന ചിത്രത്തില്‍ മാന്‍വേട്ടയെക്കുറിച്ച് പറയുന്ന ഡയലോഗിന്‍റെ പേരിലായിരുന്നു പരാതി. ഈവര്‍ഷം ആദ്യം റായ്പുര്‍ പൊലീസ് ഇയാള്‍ക്കെതിരെ പെറ്റിക്കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ഭാരതീയ ന്യായ സംഹിതയുടെ 308 (4), 351 (3) (4), വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഫൈസാന്‍ ഖാനെതിരെ ബാന്ദ്ര പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്. 

ENGLISH SUMMARY:

A lawyer from Raipur, Chhattisgarh, named Faizan Khan, has been arrested for allegedly making death threats against Bollywood star Shah Rukh Khan. Faizan claims his phone was stolen and that someone else may have made the threatening call, demanding 50 lakh rupees to spare Shah Rukh's life. The call, received on Tuesday, led to an investigation revealing the number was registered in Chhattisgarh, prompting Mumbai Police to involve local authorities to arrest him. Faizan also previously filed a complaint against Shah Rukh, citing a dialogue from the actor's 1994 film Anjaam.