ലൈവായി സംഗീത പരിപാടി നടക്കവേ വേദിയില്‍ ഒരു കോഴി. ഗായകന്‍ അതിനെ പിടിക്കുന്നു, യാതൊരു മടിയും കൂടാതെ കഴുത്തുഞെരിച്ച് കൊന്ന് കോഴിയുടെ ചോരകുടിക്കുന്നു. ഇത് കണ്ടുനിന്ന കാണികളും ഒന്ന് ഞെട്ടി. അരുണാചല്‍ പ്രദേശിലെ ഇത്താനഗറിലാണ് സംഭവം. ഗായകന്‍റെ ‘ചോരകുടി’ വിഡിയോ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചു. പിന്നാലെ പൊലീസ് കേസുമായി.
കോന്‍ വായ് സണ്‍ എന്ന ഗയകനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ െചയ്തിരിക്കുന്നത്. സെപ്പ സ്വദേശിയായ കോന്‍ വായ് സണ്‍ ഗായകനും സംഗീത സംവിധാകയനും പാട്ടെഴുത്തുകാരനുമാണ്.
ഒക്ടോബര്‍ 27നാണ് വിവാദ സംഗീത പരിപാടി നടന്നത്. സംഗീത പരിപാടിയില്‍ പങ്കെടുത്തവരില്‍ ചിലരാണ് പരാതിയുമായി രംഗത്തെത്തിയത്. ഗായകനെതിരെ സമൂഹമാധ്യമത്തിലടക്കം രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. പിന്നാലെ തന്‍റെ നടപടിയില്‍ മാപ്പ് ചോദിച്ച് ഗായകന്‍ രംഗത്തെത്തി.
‘വേദിയില്‍ നടന്ന കാര്യങ്ങളൊന്നും മുന്‍കൂട്ടി കരുതിയതായിരുന്നില്ല. വിഷയത്തിന്‍റെ ഗൗരവം മനസ്സിലാക്കി അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. സംഘാടകര്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ല. മോശമായതരത്തില്‍ എന്തെങ്കിലും പ്രചരിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എല്ലാവരോടും സ്നേഹവും ബഹുമാനവും’ മാത്രം എന്ന കുറിപ്പും കോന്‍ വായ് സണ്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.