bus-driver

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ ബസ് ഡ്രൈവർ ആയിരുന്ന കിരൺ കുമാറാണ് (40) മരിച്ചത്. നെലമംഗലയിൽ നിന്ന് ദസനപുര ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. 

ബസ് ഓടിക്കുന്നതിനിടെ കിരണിന് ഹൃദയാഘാതം ഉണ്ടാകുകയും മുന്നോട്ട് വീഴുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് മറ്റൊരു ബസില്‍ ഇടിച്ചെങ്കിലും കണ്ടക്ടറുടെ സമയോജിതമായ ഇടപെടല്‍ മൂലം വലിയ അപകടം ഒഴിവായി. ഡ്രൈവര്‍ കുഴഞ്ഞുവീണതിന് പിന്നാലെ കണ്ടക്ടര്‍ ഓടിയെത്തി ബസ് നിയന്ത്രണത്തിലാക്കി വഴിയരികിലേക്ക് ഒതുക്കി. 

കിരണിനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.  കിരൺ കുമാറിന്‍റെ ആകസ്മിക വിയോഗത്തില്‍ അനുശോചനം അറിയിച്ച് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ രംഗത്തുവന്നിരുന്നു. കുടുംബത്തിന് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

ENGLISH SUMMARY:

bus driver suffers heart attack while driving, dies; Conductor's quick action saves passengers