സൽമാൻ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരൂഖ് ഖാനും വധഭീഷണി. ഷാരൂഖിനെ കൊലപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് മുന്നറിയിപ്പ് നൽകി നവംബർ അഞ്ചിന് ഉച്ചയ്ക്ക് 1.20ഓടെ മുംബൈയിലെ ബാന്ദ്ര പോലീസിന്‍റെ ലാൻഡ്‌ലൈൻ നമ്പറിലേക്ക് ഛത്തീസ്ഗഡിലെ റായ്പൂരിലില്‍ നിന്നാണ് കോള്‍ വന്നത്. കോളിനെ തുടർന്ന് ബാന്ദ്ര പോലീസ് അജ്ഞാതർക്കെതിരെ കേസെടുത്തു. സൈബർ പോലീസ് സ്റ്റേഷനുമായി സഹകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഭാരതീയ ന്യായ സംഹിതയിലെ 308 (4), 351 (3) (4) വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരൂഖ് ഖാനെ ഉപദ്രവിക്കുമെന്നായിരുന്നു ഭീഷണി. വിളിച്ചയാളുടെ പേരും സ്ഥലവും ചോദ്യം ചെയ്തപ്പോള്‍ ‘ഹിന്ദുസ്ഥാനി’ എന്ന് വിളിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കേന്ദീകരിച്ച് അന്വേഷിച്ച പൊലീസ് ഫൈസാൻ ഖാൻ എന്ന വ്യക്തിയിലേക്ക് എത്തിയെങ്കിലും നവംബർ രണ്ടിന് തന്‍റെ ഫോണ്‍ മോഷണം പോയതായി ഇയാള്‍ അവകാശപ്പെട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിലും ഷാരൂഖ് ഖാന് വധഭീഷണി നേരിട്ടതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ സുരക്ഷ Y+ ലെവലിലേക്ക് വർധിപ്പിച്ചിരുന്നു. 24 മണിക്കൂറും സായുധരായ ആറ് ഉദ്യോഗസ്ഥർ അദ്ദേഹത്തോടൊപ്പം ഉണ്ട്.
നടൻ സൽമാൻ ഖാനെതിരെ സമാനമായ ഭീഷണികൾ വന്നതിന് ദിവസങ്ങള്‍ക്കുള്ളിലാണ് ഷാരൂഖ് ഖാന് നേര്‍ക്കുള്ള ഭീഷണി. കൃഷ്ണമൃഗത്തെ കൊന്നതിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന സൽമാനെ ലക്ഷ്യമിട്ടുള്ള സംഘം, ഒന്നുകിൽ കൃഷ്ണമൃഗത്തെ കൊന്നതിന് നടൻ ക്ഷേത്രം സന്ദർശിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കിൽ പകരം 5 കോടി രൂപ നൽകണമെന്നുമായിരുന്നു ഭീഷണി. ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരന്‍റെ പേരില്‍ ഭീഷണി സന്ദേശം നല്‍കിയ രാജസ്ഥാൻ സ്വദേശിയെ പിന്നീട് കർണാടകയിൽനിന്ന് അറസ്റ്റു ചെയ്തിരുന്നു. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ്‌യുടെ ആരാധകനാണ് താനെന്നായിരുന്നു അറസ്റ്റിലായ ഭിക്കാറാമിന്‍റെ മൊഴി. ഷാരൂഖ് ഖാനെ വിളിച്ചയാളെയും കണ്ടെത്താനും അഭിനേതാക്കളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള ശ്രമത്തിലാണ് അധികൃതർ.