ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്ന സൂര്യഭഗവാന് നന്ദി പറഞ്ഞ് ഛഠ് പൂജ വൻ ആഘോഷമാക്കി ഉത്തരേന്ത്യ. ഹൈക്കോടതി വിലക്കുണ്ടായിട്ടും ഡൽഹി യമുനയിലെ വിഷപ്പതയിൽ മുങ്ങിയത് ആയിരങ്ങൾ. ഡൽഹി സർക്കാരുണ്ടാക്കിയ താൽക്കാലിക ഘാട്ടുകളിൽ പലതിലും വെള്ളം മെത്താതിരുന്നത് കയ്യാങ്കളിയിൽ കലാശിച്ചു.
സ്വർഗ്ഗത്തിലൂടെ തെന്നിനീങ്ങുന്ന പ്രതീതിയിൽ ആയിരുന്നു യമുനയിലെ വിഷപ്പതയിലൂടെയുള്ള പലരുടെയും പോക്ക്. സൂര്യദേവനെ നോക്കി പ്രാർത്ഥിച്ച് നദിയിൽ മുങ്ങുന്ന പ്രധാന ചടങ്ങിലേക്ക് കടന്നതോടെ ആയിരങ്ങൾ നുരഞ്ഞു പൊങ്ങിയ യമുനയുടെ കാര്യം മറന്നു. ചൊറിഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടിയ ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയെയും ആരും ഓർത്തില്ല. ഓരോരുത്തരായി മുങ്ങിപ്പൊങ്ങി. യമുനയിലെ ജലം ഉണ്ടാക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ഡൽഹി ഹൈക്കോടതി കൊണ്ടുവന്ന വിലക്കു മറികടന്നായിരുന്നു മതിമറന്നഘോഷം.
ആഘോഷമൊക്കെ കെങ്കേമം ആയെങ്കിലും ഇത് ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ വലുതെന്ന് വിദഗ്ധർ. ഹൈക്കോടതി വിലക്കിയതോടെ പൂജകൾക്കും ചടങ്ങുകൾക്കുമായി ഡൽഹി സർക്കാർ ആയിരം താൽക്കാലിക ഘാട്ടുകൾ നിർമ്മിച്ചിരുന്നു.
ഡൽഹി സർക്കാർ അവകാശവാദങ്ങൾ പലതും നടത്തിയെങ്കിലും ഗീതാ കോളനി അടക്കമുള്ള ഇടങ്ങളിൽ ഘാട്ടുകൾ മാത്രമായി. വെള്ളം എത്തിയില്ല. ഇനി ഇതേ ചൊല്ലിയാകും വരുംദിവസങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ തമ്മിലടി.