ബഹളത്തിലും സംഘര്‍ഷത്തിലും കയ്യാങ്കളിയിലും മുങ്ങി ജമ്മു കശ്മീര്‍ നിയമസഭ. പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ബിജെപി അംഗങ്ങള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. പരിധിവിട്ട് പ്രതിഷേധിച്ച അംഗങ്ങളെ സ്പീക്കര്‍ മാര്‍ഷലുകളെ ഉപയോഗിച്ച് സഭയില്‍നിന്ന് നീക്കി.
പിഡിപി അംഗം ഫയസ് മിറാണ് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി ഉടന്‍ തിരിച്ചുനല്‍കുക എന്ന ബാനര്‍ ഉയര്‍ത്തിയത്. ബാനര്‍ പിടിച്ചുവാങ്ങി കീറിക്കളയാന്‍ ബിജെപി അംഗങ്ങള്‍ പാഞ്ഞടുത്തു. എംപി എന്‍ജിനീയര്‍ റഷീദിന്‍റെ സഹോദരന്‍ ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖും ഏതാനും നാഷനല്‍ കോണ്‍ഫറന്‍സ് അംഗങ്ങളും ഫയസ് മിറിന് പ്രതിരോധം തീര്‍ത്തു. പിന്നെക്കണ്ടത് ആരെയും നാണിപ്പിക്കുന്ന കയ്യേറ്റവും ബഹളവും.
ഒടുവില്‍ വടിയെടുത്ത സ്പീക്കര്‍ അബ്ദുല്‍ റഹിം റാത്തര്‍ 15 ബിജെപി അംഗങ്ങളെയും പിഡിപി അംഗത്തെയും അവാമി ഇത്തിഹാദ് പാര്‍ട്ടി എംഎല്‍എ ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖിനെയും മാര്‍ഷലുകളെ ഉപയോഗിച്ച് സഭയില്‍നിന്ന് നീക്കി. പിന്നാലെ സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം വിളികളുമായി ബിജെപി അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു. കഴിഞ്ഞദിവസമാണ് ജമ്മു കശ്മീര്‍ നിയമസഭ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്.