ജമ്മു കശ്മീരിലെ സോപ്പോറില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. വന്‍ ആയുധശേഖരവും പിടിച്ചെടുത്തു. കിഷ്ത്വാറില്‍ രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരര്‍ വധിച്ചതില്‍ പ്രതിഷേധം ശക്തമാവുകയാണ്. ബാരാമുള്ളയിലെ സോപ്പോറില്‍ തിരച്ചിലിന് പോയ സുരക്ഷാസേനയ്ക്കുനേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലും തിരച്ചിലും തുടരുകയാണ്. വലിയതോതില്‍ ആയുധശേഖരം പിടിച്ചെടുത്തിട്ടുണ്ട്. ഇനിയും ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം.
അതിനിടെ, കിഷ്ത്വാറില്‍ ഗ്രാമങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരര്‍ വധിച്ചതില്‍ പ്രതിഷേധം ശക്തമാണ്. കിഷ്ത്വാറില്‍ സനാതന്‍ ധര്‍മ സഭ എന്ന സംഘടന ബന്ദ് പ്രഖ്യാപിച്ചു. റോഡ് ഉപരോധിച്ചും ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചും നാട്ടുകാരുടെയും പ്രതിഷേധം. ജമ്മു മേഖലയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കിഷ്ത്വാര്‍. കുന്ത്‌വാര സ്വദേശികളായ നാസിര്‍ അഹമ്മദ്, കുല്‍ദീപ് കുമാര്‍ എന്നിവരെയാണ് വനത്തില്‍വച്ച് ഭീകരര്‍ കൊലപ്പെടുത്തിയത്.
കശ്മീര്‍ താഴ്‌വര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കശ്മീര്‍ ടൈഗേഴ്സെന്ന ജയ്ഷെ മുഹമ്മദ് ബന്ധമുള്ള ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നില്‍. കശ്മീര്‍ താഴ്‍വരയിലും ജമ്മു മേഖലയിലും ഒരേസമയം ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നത് സുരക്ഷാ വെല്ലുവിളിയാണ്. സാഹചര്യം വിലയിരുത്താന്‍ ലഫ്. ഗവര്‍ണര്‍ വീണ്ടും വിവിധ സുരക്ഷാ ഏജന്‍സികളുടെ യോഗം വിളിക്കും.