ജമ്മു കശ്മീരില്‍ മൂന്നിടങ്ങളില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കിഷ്ത്വാറില്‍ രണ്ട് സൈനികര്‍ക്ക് പരുക്ക്. വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ വധിച്ച അതേ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ശ്രീനഗറിലെ സബർവാനിലും ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടുകയാണ്.
കിഷ്‌ത്വാറില്‍ കഴിഞ്ഞദിവസം രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ വധിച്ച ഭീകരരെ തിരഞ്ഞുപോയ സംയുക്ത സുരക്ഷാസേനയെയാണ് ഭീകരര്‍ ലക്ഷ്യമിട്ടത്. കുന്ത്‌വാരയിലും കെശ്‌വാനിലുമായിരുന്നു തിരച്ചില്‍. ഇതില്‍, കെശ്‍വാന്‍ വനമേഖലയില്‍ രാവിലെ 11 മണിയോടെയാണ് ഭീകരരുമായി സേന നേര്‍ക്കുനേര്‍ വന്നത്. പിന്നാലെ രൂക്ഷമായ ഏറ്റുമുട്ടല്‍. ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറടക്കം രണ്ട് സൈനികര്‍ക്ക് ഭീകരരുടെ വെടിവയ്പ്പില്‍ പരുക്കേറ്റു.
ഭീകരര്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം അടച്ചാണ് ദൗത്യം പുരോഗമിക്കുന്നത്. രാവിലെ, ശ്രീനഗറിന്‍റെ പ്രാന്തപ്രദേശമായ സബർവാൻ പർവതനിരയിലെ വനമേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ വെടിവയ്‌പ്പുണ്ടായത്. മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. സൈന്യവും സിആര്‍എപിഎഫും ജമ്മു കശ്മീര്‍ പൊലീസും ഉള്‍പ്പെട്ട സംയുക്ത സംഘമാണ് ഭീകരരെ നേരിടുന്നത്. ബാരാമുള്ളയിലെ സോപ്പോറിലും ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകിട്ട് ഒരുഭീകരനെക്കൂടെ സോപ്പോറില്‍ സുരക്ഷാസേന വധിച്ചിരുന്നു