തെലുങ്ക് ജനതയ്ക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് തമിഴ് നടി കസ്തൂരി ഒളിവില്‍. ചെന്നൈയിലും മധുരയിലും കസ്തൂരിക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരാമര്‍ശത്തില്‍ താരം മാപ്പു പറഞ്ഞെങ്കിലും വാക്കുകള്‍ വന്‍ വിവാദമാകുകയായിരുന്നു.
ചെന്നൈയിലെ വീട് പൂട്ടിയ നിലയിലാണ്. മൊബൈല്‍ ഫോണും സ്വിച്ച്ഡ് ഓഫാണ്. താരത്തെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതോടെ മുന്‍കൂര്‍ജാമ്യം തേടിയ ശേഷം താരം ഒളിവില്‍ പോകുകയായിരുന്നു. കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി ഉടന്‍ പരിഗണിക്കും.
താന്‍ തെലുങ്കരെ അപമാനിക്കണമെന്ന ഉദ്ദേശത്തില്‍ പറഞ്ഞതല്ലെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ആര്‍ക്കെങ്കിലും വേദനയുളവാക്കിയെങ്കില്‍ വാക്കുകള്‍ പിന്‍വലിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ കസ്തൂരി മാപ്പ് പറഞ്ഞുവെങ്കിലും പ്രതിഷേധം കനക്കുകയായിരുന്നു. താന്‍ പറഞ്ഞ വാക്കുകള്‍ തെലുങ്ക് അഭിമാനത്തെയോ, തെലുങ്ക് ജനതയെയോ ആന്ധ്രയെയോ തെലങ്കാനയെയോ അപമാനിക്കുന്നതല്ല. തമിഴരെന്ന് കരുതിപ്പോരുന്ന തെലുങ്ക് സംസാരിക്കുന്നവരെ കുറിച്ച് മാത്രമാണെന്നും നടി വിശദീകരിച്ചു. ഡിഎംകെയാണ് തനിക്കെതിരായി വിവാദമുണ്ടാക്കിയതെന്നും കേസുകള്‍ക്ക് പിന്നിലെന്നും താരം ആരോപിച്ചു
ചെന്നൈയില്‍ ഹിന്ദു മക്കള്‍ കക്ഷി നടത്തിയ പരിപാടിക്കിടെയാണ് കസ്തൂരി തെലുങ്ക് സംസാരിക്കുന്നവരെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചത്. ഇത് തമിഴ്നാട്ടിലും ആന്ധ്രയിലും തെലങ്കാനയിലും വ്യാപക പ്രതിഷേധത്തിനിടയാക്കി. വിവാദമുയര്‍ന്നതോടെ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ താരത്തിന്‍റെ വിവാദ പരാമര്‍ശങ്ങളും ചിലര്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടു. വിവാദം കൊഴുത്തതോടെ കസ്തൂരിയെ ബിജെപിയും കൈവിട്ടു. നടിയുടെ വാക്കുകള്‍ അപലപനീയമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.