deepinder-goyal

സൊമാറ്റോ സ്ഥാപകന്‍ ദീപിന്ദര്‍ ഗോയല്‍

ഭക്ഷണവിതരണ ശൃംഖലയായ സൊമാറ്റോയില്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒരുവര്‍ഷം നാലുലക്ഷത്തോളം ഓര്‍ഡറുകളാണ് കാന്‍സല്‍ ചെയ്യപ്പെടുന്നത്. വന്‍തോതില്‍ ഭക്ഷണം പാഴാക്കുന്ന അവസ്ഥ ഇതുകാരണം ഉണ്ടാകുന്നുവെന്ന് കമ്പനി പരാതിപ്പെടുകയും ചെയ്തിരുന്നു. കാന്‍സല്‍ ചെയ്യുന്ന ഓര്‍ഡറുകള്‍ക്ക് റീഫണ്ട് നല്‍കില്ല എന്ന നയം നിലനില്‍ക്കുമ്പോഴായിരുന്നു ഈ സ്ഥിതി. ഇതിനുള്ള പരിഹാരമെന്ന നിലയില്‍ അവതരിപ്പിച്ച ഫീച്ചറാണ് ഫുഡ് റെസ്ക്യു. കാന്‍സല്‍ ചെയ്ത ഓര്‍ഡര്‍ കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ കഴിയുന്ന രീതിയാണ് ഇതിലുള്ളത്. പുതിയ ഫീച്ചര്‍ അവതരിപ്പിച്ചുകൊണ്ട് സൊമാറ്റോ ഉടമ ദീപിന്ദര്‍ ഗോയല്‍ എക്സില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിനുതാഴെ ഒട്ടേറെപ്പേര്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.

കമന്‍റുകള്‍ പരതുന്നതിനിടെ ശ്രദ്ധേയമായ നാല് നിര്‍ദേശങ്ങളടങ്ങിയ ഒരു പോസ്റ്റ് ഗോയലിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. പുതിയ ഫീച്ചര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളെക്കുറിച്ചും അത് തടയാന്‍ എന്തുചെയ്യാം എന്നതുമായിരുന്നു ബെംഗളൂരു സ്വദേശി ഭാനുവിന്‍റെ പോസ്റ്റിലുണ്ടായിരുന്നത്. രണ്ടുപേര്‍ ഫുഡ് ഓര്‍ഡര്‍ ചെയ്യുകയും കാന്‍സല്‍ ചെയ്യുകയും ചെയ്ത് തട്ടിപ്പ് നടത്താനുള്ള സാധ്യതയായിരുന്നു ഒന്ന്. ഡെലിവറി പോയന്‍റിന് 500 മീറ്റര്‍ അരികിലെത്തിക്കഴിഞ്ഞാല്‍ കാന്‍സലേഷന്‍ അനുവദിക്കരുത്, കാഷ് ഓണ്‍ ഡെലിവറിക്ക് കാന്‍സലേഷന്‍ അനുവദിക്കരുത്, ഒരുമാസം രണ്ട് കാന്‍സലേഷനില്‍ കൂടുതല്‍ പാടില്ല തുടങ്ങിയവയായിരുന്നു ഭാനുവിന്‍റെ നിര്‍ദേശങ്ങള്‍.

ഇതെല്ലാം പുതിയ ഫീച്ചറില്‍ ഉള്‍പ്പെടുത്തിയെന്ന് സൊമാറ്റോ ഉടമ മറുപടി നല്‍കി. ഒപ്പം ചില ചോദ്യങ്ങളും. നിങ്ങള്‍ ആരാണ്? എന്തുചെയ്യുന്നു? നിങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹമുണ്ട്. നമുക്ക് ഒന്നിച്ച് ജോലി ചെയ്യാന്‍ കഴിയുമോ എന്ന് നോക്കാം.’ കൂടുതല്‍ സംസാരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ നേരിട്ട് മെസേജ് ചെയ്യൂ എന്നുപറഞ്ഞാണ് ഗോയല്‍ ട്വീറ്റ് അവസാനിപ്പിക്കുന്നത്. അതിന് നല്‍കിയ മറുപടിയിലാണ് ബെംഗളൂരുവില്‍ ഒരു സ്റ്റാര്‍ട്ടപ്പില്‍ പ്രോഡക്ട് മാനേജരായി ജോലി ചെയ്യുകയാണെന്ന് ഭാനു വെളിപ്പെടുത്തുന്നത്. ‘പോരുന്നോ എന്‍റെ കൂടെ’ എന്ന ഗോയലിന്‍റെ ചോദ്യത്തിന് ഭാനു പറഞ്ഞ മറുപടി അറിയാനിരിക്കുന്നതേയുള്ളു.

ENGLISH SUMMARY:

Zomato reported that around 400,000 orders were canceled yearly, leading to significant food waste, as refunds are not provided for canceled orders. To address this, Zomato introduced a "Food Rescue" feature allowing canceled orders to be purchased at reduced rates. Notably, Bengaluru resident Bhanu suggested measures to prevent misuse of this feature, such as limiting cancellations after delivery is near and restricting cash-on-delivery cancellations. Zomato’s CEO, Deepinder Goyal, adopted these suggestions, praised Bhanu's insights, and even invited him for a potential collaboration.