സിഐഎസ്എഫിന്‍റെ ആദ്യ വനിതാ ബറ്റാലിയന് അംഗീകാരം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആയിരത്തിലേറെ വനിതകള്‍ അടങ്ങുന്നതാകും സിഐഎസ്എഫിന്‍റെ ആദ്യ സമ്പൂര്‍ണ വനിതാ ബറ്റാലിയന്‍. നിലവില്‍ രണ്ട് ലക്ഷത്തോളം സേനാംഗങ്ങളാണ് സിഐഎസ്എഫിനുള്ളത്. സീനിയര്‍ കമന്‍ഡാന്‍റ് റാങ്ക് ഉദ്യോഗസ്ഥയാകും 1,025 പേരടങ്ങുന്ന സംഘത്തെ നയിക്കുക.
നിലവില്‍ സിഐഎസ്എഫിന് 12 റിസര്‍വ് ബറ്റാലിയനുകളുണ്ട്. അതിലൊന്നായി വനിതകള്‍ മാത്രമുള്ള ഈ ബറ്റാലിയന്‍ മാറും. രാജ്യത്ത് നിലവിലുള്ള രാജ്യാന്തരവും ആഭ്യന്തരവുമായ 68 സിവില്‍ വിമാന താവളങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നത് സിഐഎസ്എഫാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ രാജ്യത്തെ പ്രധാനപ്പെട്ട വ്യവസായ സ്ഥാപനങ്ങള്‍, തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ എന്നിവയ്ക്കും സിഐഎസ്എഫ് സുരക്ഷയൊരുക്കുന്നുണ്ട്. ഡല്‍ഹി മെട്രോ, താജ്മഹല്‍, ചെങ്കോട്ട എന്നിവയ്ക്കും സുരക്ഷയൊരുക്കുന്നത് സിഐഎസ്എഫാണ്.
1969ലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴില്‍ കേന്ദ്ര വ്യവസായ സുരക്ഷാ സേന സ്ഥാപിച്ചത്. ആണവ കേന്ദ്രങ്ങള്‍, വ്യോമയാന സ്ഥാപനങ്ങള്‍, തുറമുഖങ്ങള്‍, കപ്പല്‍ ശാലകള്‍ എന്നിവയ്ക്കെല്ലാം സുരക്ഷയൊരുക്കേണ്ട ചുമതല സിഐഎസ്എഫിന്‍റേതാണ്. സ്വകാര്യ സ്ഥാപനമായ ഇന്‍ഫോസിസിന്‍റെ ബെംഗളൂരുവിലെയും പുണെയിലെയും ഓഫിസുകള്‍ക്കും ഗുജറാത്തിലെ ജാംനഗറിലെ റിലയന്‍സിന്‍റെ എണ്ണ ശുദ്ധീകരണ ശാലയ്ക്കും സിഐഎസ്എഫ് സുരക്ഷ നല്‍കുന്നുണ്ട്.